വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സഭയിൽ മറുപടി ഇല്ലാതെ മുഖ്യമന്ത്രി

Update: 2018-06-17 01:10 GMT
Editor : Jaisy
വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സഭയിൽ മറുപടി ഇല്ലാതെ മുഖ്യമന്ത്രി
Advertising

പ്രധാന ചോദ്യങ്ങളില്‍ ആര്‍ ടി എഫിനെക്കുറിച്ച് മാത്രമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്

ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളിലും വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും നിയമസഭയിൽ മറുപടി ഇല്ലാതെ മുഖ്യമന്ത്രി. രാഷ്ട്രീയ കൊലപാതകങ്ങളിലും കസ്റ്റഡി മരണങ്ങളിലും മൗനം തുടരുന്ന പിണറായി വിജയന് ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ല. പ്രധാന ചോദ്യങ്ങളില്‍ ആര്‍ ടി എഫിനെക്കുറിച്ച് മാത്രമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

വരാപ്പുഴ കസ്റ്റഡി മരണം, കെവിന്റെ കൊലപാതകം ,രാഷ്ട്രീയ കൊലപാതകങ്ങളിലെ സി ബി ഐ അന്വേഷണം, കൃത്യനിർവഹണത്തിൽ പൊലീസ് തുടരുന്ന ഗുരുതര വീഴ്ച, വീഴ്ചകളിൽ ആഭ്യന്തര വകുപ്പിന്റെ അലംഭാവം , തുടങ്ങി മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു ചോദ്യത്തിനും മുഖ്യമന്ത്രിക്ക് നിയമസഭയിൽ മറുപടിയില്ല. ഏതെങ്കിലും സാഹചര്യത്തിൽ ഗവർണർ മുഖ്യമന്ത്രിയെ നേരിൽ വിളിപ്പിച്ചിട്ടുണ്ടോ എന്ന പ്രതിപക്ഷ ചോദ്യത്തിനു മില്ല മുഖ്യമന്ത്രിക്ക് ഉത്തരം. കോട്ടയം ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ കെവിന്റെ ഭാര്യ നീനു പരാതി നൽകിയ ദിവസം എസ് ഐ ഷിബുവിന് സുരക്ഷ ചുമതല നൽകിയതെങ്ങനെ എന്നതിൽ പോലും വിവരങ്ങൾ ശേഖരിക്കുന്നതെയുള്ളൂ.

സി ഐ മാർക്ക് സ്റ്റേഷൻ ചുമതല നൽകിയതിലൂടെ മികച്ച സേവനം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും ആഭ്യന്തര വകുപ്പിന് വ്യക്തതയില്ല. തിയറ്റുകളിൽ പോലും പിഞ്ചു കുഞ്ഞുങ്ങൾ പീഡനത്തിന് ഇരയാകുമ്പോഴും കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ സർക്കാർ വിവരങ്ങൾ ശേഖരിക്കുന്നതെയുള്ളൂ എന്ന മറുപടി ആവർത്തിക്കുകയാണ് മുഖ്യമന്ത്രി. ചുരുക്കി പറഞ്ഞാൽ ആഭ്യന്തര വകുപ്പിനെയും വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയെ തന്നെയും പ്രതിക്കൂട്ടിൽ നിർത്തുന്ന ചോദ്യങ്ങളെ പാടെ അവഗണിക്കുകയാണ് പിണറായി വിജയൻ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News