നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
കേസില്‍ മനപൂര്‍വം കുടുക്കാനെന്ന രീതിയിലാണ് അന്വേഷണം നടത്തിയതെന്ന് ദിലീപ് ഹരജിയില്‍ പറയുന്നു
നടിയെ അക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. എഡിജിപി അടക്കമുള്ളവര്‍ക്ക് ചില താല്‍പര്യങ്ങളുണ്ടായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.
കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രതിയാക്കാതിരുന്ന തന്നെ ഏഴ് മാസത്തിന് ശേഷമാണ് പ്രതി ചേര്‍ത്തത്. മലയാള സിനിമയിലെ തന്റെ ഖ്യാതി ഇല്ലാതാക്കുക ചിലരുടെ ലക്ഷ്യമായിരുന്നു. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷം കാവ്യാ മാധവനെ വിവാഹം ചെയ്തതോടെ തന്‍റെ കുടുംബം തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തി. ചില രാഷ്ട്രീയക്കാരും പൊലീസും മാധ്യമങ്ങളും ഇതിനായി പ്രവര്‍ത്തിച്ചു. അക്രമത്തിനിരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ യോഗത്തില്‍ മഞ്ജു വാര്യര്‍ ഈ സംഭവത്തിന് ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇത് പിന്നീട് തനിക്കെതിരെ തെറ്റായ കഥകള്‍ പ്രചരിക്കാന്‍ കാരണമായെന്നും ദിലീപ് ഹരജിയില്‍ പറയുന്നു.
കേസില്‍ ശരിയായ അന്വേഷണം നടത്തുകയെന്നത് പ്രതിയെന്ന നിലയില്‍ തന്‍റെ അവകാശമാണ്. അതിനാല്‍ കുറ്റപത്രം റദ്ദാക്കി കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹരജിയില്‍ പറയുന്നു. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.