എഡിജിപിയുടെ വീട്ടിലെ നായയെ കുളിപ്പിക്കുന്നത് പൊലീസുകാര്‍; ആരോപണവുമായി മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍
ഭാര്യയും മകളും അടിമകളെ പോലെയാണ് പൊലീസുകാരെ കാണുന്നത്
എഡിജിപിയുടെ മകള്‍ക്കെതിരെ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാര്‍ ശ്രമം നടക്കുന്നതായി പരിക്കേറ്റ പൊലീസുകാരന്‍ ഗവാസ്കര്‍. എഡിജിപി സുധേഷ് കുമാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഗവാസ്കര്‍ പറഞ്ഞു .എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്കറെ കേസില്‍ പ്രതി ചേര്‍ത്തു. എസ്എപി ക്യാമ്പില്‍ നായക്ക് മീന്‍ വാങ്ങാന്‍ പോയ എഡിജിപിക്ക് ഒപ്പമുള്ള പൊലീസുകാരനെ സഹപ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. എഡിജിപി സുധേഷ് കുമാറിനെതിരെ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
എഡിജിപി സുധേഷ് കുമാര്‍ വീട്ടിലെ നായയെ വരെ ക്യാമ്പിലെ പൊലീസുകാരെ കൊണ്ടാണ് കുളിപ്പിക്കുന്നതെന്ന് ഗവാസ്കര്‍ പറഞ്ഞു. ഭാര്യയും മകളും അടിമകളെ പോലെയാണ് പൊലീസുകാരെ കാണുന്നത് . കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും തന്നെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ ശ്രമിച്ചെന്നും ഗവാസ്കര്‍ പറഞ്ഞു. വധഭീഷണി വരെ ഉണ്ടായെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു. എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ ഗവാസ്കറിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ഗവാസ്കറിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പൊലീസ് അസോസിയേഷന്‍ വ്യക്തമാക്കി.
സംഭവത്തില്‍ എസ്എപി ക്യാമ്പില്‍ പ്രതിഷേധം പുകയുകയാണ്. എഡിജിപിയുടെ വീട്ടിലെ നായയക്ക് മീന്‍ നല്‍കാന്‍ പോയ പൊലീസുകാരനെ ക്യാമ്പില്‍ സഹപ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. അടിമപ്പണി ചെയ്യരുതെന്ന് താക്കീത് നല്‍കിയാണ് ഇയാളെ തിരിച്ചയച്ചത്. പരിക്കേറ്റ ഗവാസ്കര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരുടെ പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ കണക്കും നല്‍കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.