അമ്മയെ മകനും ഭാര്യയും വീട്ടില്‍ നിന്ന് പുറത്താക്കി; വാസയോഗ്യമല്ലാത്ത ഒറ്റമുറിവീട്ടില്‍ എഴുപതുകാരിക്ക് ദുരിതജീവിതം
പതിനാറു വര്‍ഷം മുമ്പാണ് ലീലയുടെ ഭര്‍ത്താവ് കൃഷ്ണന്‍ മരിച്ചത്. മൂന്ന്‍ ആണ്‍മക്കളും മൂന്ന്‍ പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ചുമതലകളെല്ലാം പിന്നീട് ലീല ഒറ്റക്ക് നടത്തി.
മകന്‍ വീട്ടില്‍ നിന്നും അടിച്ചിറക്കിയ മാതാവ് നാല് വര്‍ഷത്തിലധികമായി ജീവിക്കുന്നത് നാട്ടുകാരുടെ കാരുണ്യത്തില്‍. കണ്ണൂര്‍ പെരിങ്ങോം അരവഞ്ചാലിലെ ലീല എന്ന എഴുപതുകാരിയെ മകനും ഭാര്യയും ചേര്‍ന്ന് സ്വന്തം വീട്ടില്‍ നിന്ന് അടിച്ചിറക്കിയെന്നാണ് പരാതി. തുടര്‍ന്ന് വീടിനടുത്തുളള വാസയോഗ്യമല്ലാത്ത ഷെഡിലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം.
നാലുവര്‍ഷം മുമ്പുവരെ വലിയ വളപ്പില്‍ ലീലയ്ക്ക് ഒരു വീടുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇവര്‍ ജീവിക്കുന്നത് നാട്ടുകാരിലൊരാള്‍ സൌജന്യമായി നല്‍കിയ ഒരു ലൈന്‍ മുറിയിലാണ്. പതിനാറു വര്‍ഷം മുമ്പാണ് ലീലയുടെ ഭര്‍ത്താവ് കൃഷ്ണന്‍ മരിച്ചത്. മൂന്ന്‍ ആണ്‍മക്കളും മൂന്ന്‍ പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ചുമതലകളെല്ലാം പിന്നീട് ലീല ഒറ്റക്ക് നടത്തി. ഇളയ മകന്റെ വിവാഹത്തിന് ശേഷമാണ് ഇവരുടെ ജീവിതം ദുരിത പൂര്‍ണമായത്. മകനും ഭാര്യയും ചേര്‍ന്ന് മര്‍ദ്ദനം പതിവായതോടെ ലീല വീടുവിട്ട് ഇറങ്ങുകയായിരുന്നു.
ഏഴ് ഏക്കറിലധികം ഭൂമി ലീലയുടെ പേരിലുണ്ടെങ്കിലും ഇവിടെ കയറാന്‍ പോലും മകന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. പ്രശ്നപരിഹാരത്തിന് നാട്ടുകാര്‍ പലവട്ടം ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. തനിക്ക് അവകാശപെട്ട സ്ഥലത്ത് സ്വസ്ഥമായി ജീവിക്കാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ലീല വനിതാ കമ്മീഷനിലടക്കം പരാതി നല്‍കിയിട്ടുണ്ട്.