കരിഞ്ചോലമല ഉരുള്‍പൊട്ടല്‍: പാഠങ്ങളുള്‍ക്കൊണ്ട് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കണമെന്ന് പരിഷത്ത്
പുഴയുടെ കൈവഴികള്‍ ഇല്ലാതാക്കിയാണ് മലകള്‍ക്ക് മുകളിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണം. മഴക്കാലമാകുമ്പോള്‍ വെള്ളമൊഴുകി പോകാന്‍ ഇടമില്ലാതാവുകയും അത് വലിയ ദുരന്തത്തിന് വഴിവെയ്ക്കുകയും ചെയ്യുന്നു
കോഴിക്കോട് ജില്ലയിലെ ഉരുള്‍ പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്. ഭൂമിയുടെ സ്വാഭാവിക ഘടനയില്‍ വരുത്തിയ മാറ്റങ്ങളാണ് ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമാകുന്നത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശമായി രേഖപ്പെടുത്തിയ സ്ഥലമാണ് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമല. കട്ടിപ്പാറ കരിഞ്ചോലമലയിലെ മട്ടിമണല്‍ ഖനനം ഉരുള്‍പൊട്ടലിന് കാരണമായിട്ടുണ്ടാകാമെന്നും പരിഷത്ത് പരിഷത്ത് പ്രവര്‍ത്തകര്‍ പറയുന്നു.
മഴയുടെ തീവ്രത ഏറ്റവും കൂടിയ ജില്ലയാണ് കോഴിക്കോട്. ജില്ലയിലെ കിഴക്കന്‍ മലയോരത്ത് മഴക്കാലം ദുരിതം വിതച്ചാണ് കടന്ന് പോകാറ്. ഈ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ചെറിയ മണ്ണിടിച്ചിലുകള്‍ പോലും പഠനവിധേയമാക്കണം. ഈ മണ്ണിടിച്ചിലുകളുടെ തുടര്‍ച്ചയായ പ്രതിഫലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം ഇ അബ്ദുള്‍ ഹമീദ് പറഞ്ഞു.
ചെങ്കുത്തായ മലകളിലെ ഓരോ നിര്‍മ്മാണപ്രവൃത്തികളും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ നടത്താകൂ എന്നിരിക്കെ അശാസ്ത്രീയമായാണ് എല്ലായിടങ്ങളിലും നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. പുഴയുടെ കൈവഴികള്‍ ഇല്ലാതാക്കിയാണ് മലകള്‍ക്ക് മുകളിലേക്കുള്ള റോഡുകളുടെയെല്ലാം നിര്‍മ്മാണം. ഇതോടെ മഴക്കാലമാകുമ്പോള്‍ വെള്ളമൊഴുകി പോകാന്‍ ഇടമില്ലാതാവുകയും അത് വലിയ ദുരന്തത്തിന് വഴിവെയ്ക്കുകയും ചെയ്യുന്നു എന്നും ഇതിനിടയില്‍ തന്നെ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.