വാളയാറില്‍ ഫോര്‍മലിന്‍ കലര്‍ത്തിയ 4000 കിലോ മീന്‍ പിടികൂടി

ആന്ധ്രയിൽ നിന്ന് അരൂരിലേക്ക് കടത്തുകയായിരുന്നു

Update: 2018-06-24 08:38 GMT
Advertising

ട്രോളിങ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മായം കലര്‍ന്ന മീന്‍ കടത്തുന്നു. വാളയാര്‍ ചെക്പോസ്റ്റില്‍ 4000 കിലോ ഫോര്‍മലിന്‍ കലര്‍ന്ന ചെമ്മീന്‍ പിടികൂടി. ആന്ധ്രയില്‍ നിന്ന് അരൂരിലെ ഫാക്ടറിയിലേക്ക് കൊണ്ടുവരികയായിരുന്നു മീന്‍.

Full View

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത്. മായം കലര്‍ന്ന മീന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കിയത്. വാളയാറില്‍ നിന്നും തിരുവനന്തപുരത്തു നിന്നും നേരത്തെയും വിഷം കലര്‍ന്ന മീന്‍ പിടിച്ചെടുത്തിരുന്നു. ഓപ്പറേഷന്‍ സാഗര്‍‍ റാണി എന്ന് പേരിട്ട പരിശോധനയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് വാളയാറില്‍ നിന്ന് മായം കലര്‍ന്ന നാലായിരം കിലോ ചെമ്മീന്‍ പിടിച്ചെടുത്തത്. നാല്പത് വാഹനങ്ങള്‍ വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഒരു ലോറിയില്‍‍ നിന്നാണ് മീന്‍ പിടിച്ചെടുത്തത്.

പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്നതാണെന്ന് തെളിഞ്ഞതോടെ കൂടുതല്‍ പരിശോധനയ്ക്കായി കൊച്ചി കാക്കനാട്ടെ റീജ്യണല്‍ ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുന്ന പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. മായം കലര്‍ന്നതാണെന്ന് തെളിഞ്ഞാല്‍ ആന്ധ്രയിലെ വ്യാപാരിക്കെതിരെയും അരൂരിലെ ഫാക്ടറിക്കെതിരെയും കേസെടുക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്തിന്റെ അതിര്‍ത്തി മേഖലകളില്‍ ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തമാക്കാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.

Tags:    

Similar News