തിരുവമ്പാടി സ്റ്റേഷനില്‍ പ്രതികളുടെ അക്രമം; ലോക്കപ്പിനുള്ളിലും പരാക്രമം, ദൃശ്യങ്ങള്‍ മീഡിയവണിന്
സ്റ്റേഷനിലെ ലോക്കപ്പിലടച്ച ശേഷവും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നു
കവര്‍ച്ചാ കേസില്‍ പിടിയിലായ ശേഷം പൊലീസുകാരെ മര്‍ദ്ദിച്ച പ്രതികള്‍ തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം ഭീഷണി മുഴക്കി. സ്റ്റേഷനിലെ ലോക്കപ്പിലടച്ച ശേഷവും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നു. ലോക്കപ്പിന്റെ ഗ്രില്ലുകളില്‍ ചവിട്ടുകയും ഭീഷണി മുഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.
ബൈക്ക് തടഞ്ഞ് നിര്‍ത്തി പണം അപഹരിച്ചുവെന്ന പരാതിയില്‍ പിടിയിലായ ലിന്റോ രമേശും ബെര്‍ണിഷ് മാത്യുവും പൊലീസുകാരെ ആക്രമിച്ചതിനു ശേഷവും ഭീഷണി മുഴക്കുകയും ലോക്കപ്പിനുള്ളില്‍ പോലും പരാക്രമം കാട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണിത്. എസ്.ഐ എം.സനല്‍രാജിനേയും സിവില്‍ പൊലീസ് ഓഫീസര്‍ അനീസിനും പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് പ്രതികളില്‍ ഒരാളെ പൊലീസ് ലോക്കപ്പിലേക്ക് മാറ്റിയത്. അപ്പോഴാണ് പൊലീസുകാരെ ഭീഷണിപെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ മോഷണകുറ്റത്തിന് പുറമേ പൊലീസിന്റെ കൃത്യനിര്‍വഹണ തടസപ്പെടുത്തി, സ്റ്റേഷനില്‍ അതിക്രമം കാട്ടി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയും പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികള്‍ക്ക് എതിരെ പരാതി നല്‍കിയ ജാലിബിനേയും പ്രതികള്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പ്രതികള്‍ക്ക് എതിരെ മോഷണകേസും ലഹരി മരുന്ന് കേസും നിലവിലുള്ളതായി പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതികളെ പൊലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് അവരുടെ ബന്ധുക്കളും രംഗത്ത് എത്തി.