ഇരിപ്പിട സമരം; ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്തതിന്റെ സന്തോഷത്തില്‍ പെണ്‍കൂട്ട്
എന്നാല്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ നടപ്പായില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്
നിരന്തരമായ സമരങ്ങള്‍ക്കൊടുവില്‍ ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്തതിലെ സന്തോഷത്തിലാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെണ്‍കൂട്ട്. തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള നിയമഭേദഗതി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ നടപ്പായില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.
തൊഴിലിടങ്ങളിലെ പ്രത്യേകിച്ചും ടെക്സ്റ്റൈല്‍ ഷോപ്പുകളിലെ പെണ്‍ജീവിതങ്ങളുടെ ദുരിതം പുറത്ത് കൊണ്ട് വന്ന ഐതിഹാസിക നീക്കമായിരുന്നു കോഴിക്കോട് നടന്ന ഇരിപ്പിട സമരം. ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ സ്ത്രീകള്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടമനുവദിക്കാത്തതിനെതിരെയും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൌകര്യം ഒരുക്കത്തതിനെതിരെയുമായിരുന്നു ആ സമരം. ഇതിന് ശേഷമാണ് ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കം ആരംഭിച്ചത്. ഒടുവില്‍ നിയമം ഭേദഗതി ചെയ്തതിനെ സ്വാഗതം ചെയ്യുമ്പോഴും ആശങ്ക നിലനില്‍ക്കുന്നു. 10 മുതല്‍ 12 മണിക്കൂര്‍ വരെയാണ് തുണിക്കടകളില്‍ തൊഴിലാളികളുടെ ജോലി.
കൃത്യമായ ഇടവേളകളില്‍ തൊഴില്‍വകുപ്പിന്റെ പരിശോധന കൂടി ഉണ്ടെങ്കില്‍ മാത്രമേ നിയമ ഭേദഗതി കൊണ്ട് തൊഴിലാളികള്‍ക്ക് പ്രയോജനമുണ്ടാവുകയുളളൂ എന്ന അഭിപ്രായവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്.