ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും ആവര്‍ത്തിച്ച് കന്യാസ്ത്രീ
ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴിയെടുക്കല്‍ ഏഴ് മണിക്കൂര്‍ നീണ്ടു. രഹസ്യമൊഴി ലഭിച്ചാലുടന്‍ ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
രഹസ്യമൊഴിയിലും ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് ആവര്‍ത്തിച്ച് കന്യാസ്ത്രീ. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴിയെടുക്കല്‍ ഏഴ് മണിക്കൂര്‍ നീണ്ടു. രഹസ്യമൊഴി ലഭിച്ചാലുടന്‍ ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
പൊലീസിന് നല്‍കിയ മൊഴിയില്‍ 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പറഞ്ഞിരുന്നത്. ഇത് രഹസ്യമൊഴിയിലും ആവര്‍ത്തിച്ചതായാണ് വിവരം. 2014 മുതലുള്ള കാര്യങ്ങളെല്ലാം രഹസ്യമൊഴിയില്‍ വിവരിച്ചിട്ടുണ്ട്. ഇന്നലെ രണ്ടരയോടെ ആരംഭിച്ച മൊഴിയെടുക്കല്‍ രാത്രി ഒന്‍പതര വരെ നീണ്ടു.
രഹസ്യമൊഴി ലഭിച്ചാലുടന്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ഡി.വൈ.എസ്‍.പി ഓഫീസിലേക്ക് വിളിച്ച് വരുത്തിയേക്കും. രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ ബിഷപ്പ് നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം ഉണ്ടായേക്കില്ല. കന്യാസ്ത്രീയുടെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് സഹോദരി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ മൊഴികൂടി പൊലീസ് ശേഖരിക്കും. ഇതിന് ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ട്.