നേര്യമംഗലത്ത് ആദിവാസികള്‍ക്ക് അനുവദിച്ച പട്ടയഭൂമിയിൽ ദുരിത ജീവിതം
പലരും ജീവിതം കരുപ്പിടിപ്പിക്കാൻ വഴികാണാതെ കുടിയിറങ്ങി. വാസസ്ഥലത്തേക്ക് വഴിയില്ല. വൈദ്യുതി, വെള്ളം ഉള്‍പ്പെടെയുള്ളവ ഇവിടേക്കെത്തിക്കാന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നടപടികള്‍ ഒന്നുമായില്ല.
എറണാകുളം നേര്യമംഗലത്ത് ആദിവാസികള്‍ക്ക് പട്ടയം അനുവദിച്ച ഭൂമിയിൽ ദുരിത ജീവിതം. നീണ്ട കാലത്തെ പോരാട്ടങ്ങളുടെ ഭാഗമായി നേടിയെടുത്ത ഭൂമിയിൽ അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും തന്നെയില്ല. പട്ടയം നല്‍കി ഒരുമാസത്തിനകം അടിസ്ഥാന സൌകര്യമൊരുക്കുമെന്ന ഉദ്യോഗസ്ഥരുടെ വാക്കും പാഴ്‍വാക്കായി.
2016 ല്‍ നേര്യമംഗലത്തെ ആദിവാസി ഗ്രാമം പദ്ധതി പ്രദേശത്ത് സമരം ചെയ്ത പട്ടിക വര്‍ഗ കുടുംബങ്ങൾ നാല് വർഷം മുമ്പ് ഭൂമി കയ്യേറി കുടിൽ കെട്ടിയിരുന്നു. തുടര്‍ന്ന് നടന്ന നിരാഹാര സമരത്തെിന്റെ ഭാഗമായി മൂന്ന് കുടുംബങ്ങൾക്ക് രണ്ട് വർഷം മുമ്പ് പട്ടയം അനുവദിച്ചു. മറ്റുള്ളവർ പക്ഷേ ഗുണഭോക്തൃ പട്ടികയക്ക് പുറത്തു തന്നെ നിന്നു. ഒടുവില്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയുള്ള നിരാഹാര സമരത്തിനൊടുവില്‍ 102 പേർക്ക് പട്ടയം അനുവദിക്കപ്പെട്ടു.
എന്നാല്‍ പട്ടയം ലഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. ഇതിനോടകം പത്തിലധികം ആളുകളാണ് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പട്ടയം തിരിച്ചു നല്‍കിയത്. പട്ടയം ലഭിച്ചതിൽ 18 കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസമാക്കിയിരിക്കുന്നത്. പട്ടയം ലഭിച്ച ഭൂമിയിൽ കുടിലുകൾ കെട്ടിയവരില്‍ പലരും ജീവിതം കരുപ്പിടിപ്പിക്കാൻ വഴികാണാതെ കുടിയിറങ്ങി. വാസസ്ഥലത്തേക്ക് വഴിയില്ല. വൈദ്യുതി, വെള്ളം ഉള്‍പ്പെടെയുള്ളവ ഇവിടേക്കെത്തിക്കാന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നടപടികള്‍ ഒന്നുമായില്ല. വൈദ്യുദീകരണ സംസ്ഥാനമായുള്ള പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും ഇവിടെ വൈദ്യുതി വിതരണത്തിനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ നിലച്ചു കിടക്കുയുമാണ്.