നെയ്യാറ്റിന്‍കര നഗരസഭയില്‍  നാളെ ബി.ജെ.പി ഹര്‍ത്താൽ

ബാർ ലൈസൻസിന് കോഴ വാങ്ങിയെന്നാരോപിച്ച് യുവമോര്‍ച്ച നെയ്യാറ്റിന്‍കര നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Update: 2018-07-11 12:57 GMT
Advertising

ബാർ ലൈസൻസിന് കോഴ വാങ്ങിയെന്നാരോപിച്ച് യുവമോര്‍ച്ച നെയ്യാറ്റിന്‍കര നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ നെയ്യാറ്റിന്‍കര നഗരസഭയില്‍ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

സ്വകാര്യ ബാറിന് ലൈസന്‍സ് നൽകുന്നതിന് നഗരസഭാ ചെയര്‍പേഴ്സണടക്കം 30 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു യുവമോര്‍ച്ചയുടെ ആരോപണം. ചെയര്‍പേഴ്സണ്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ നഗരസഭയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. യുവമോര്‍ച്ച നെയ്യാറ്റിന്‍കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി.

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് രഞ്ജിത് ചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍ എന്നിവരുള്‍പ്പെടെ ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ 5 പേർക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ്, ജില്ലാ അധ്യക്ഷൻ സുരേഷ് തുടങ്ങിയ നേതാക്കൾ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയില്‍ സന്ദർശിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Tags:    

Similar News