ഇനിയും നീതി ലഭിക്കാതെ സുലൈഖയുടെ കുടുംബം
നിപ ഭീഷണിയെ തുരത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചപ്പോള്‍ സമാനമായ സംഭവത്തില്‍ നീതി ലഭിക്കാക്കാതെ വയനാട്ടിലെ സുലൈഖയുടെ കുടുംബം.
നിപ ഭീഷണിയെ തുരത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചപ്പോള്‍ സമാനമായ സംഭവത്തില്‍ നീതി ലഭിക്കാതെ വയനാട്ടിലെ സുലൈഖയുടെ കുടുംബം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കുരങ്ങുപനി ബാധിച്ചാണ് ആശ പ്രവര്‍ത്തകയായിരുന്ന സുലൈഖ മരിച്ചത്. അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനൂകൂല്യങ്ങളൊന്നും സുലൈഖയുടെ കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
2014 ഡിസംബറിലാണ് വയനാട് ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. പതിനൊന്ന് പേരാണ് അന്ന് ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ചെതലയം പി എച്ച് സി ക്ക് കീഴിലെ ആശവര്‍ക്കറായിരുന്നു അന്ന് സുലൈഖ. കുരങ്ങുപനി ബാധിത മേഖലയില്‍ അരോഗ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സുലൈഖക്കും കുരങ്ങുപനി ബാധിക്കുകയായിരുന്നു.
തുടര്‍ന്ന് 2015 ഫെബ്രുവരി 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടു. അന്ന് സുലൈഖയുടെ കുടുംബത്തിലെ ഒരംഗത്തിന് ജോലിയും 10 ലക്ഷം രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേവലം രണ്ട് ലക്ഷം രൂപമാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്.
സുലൈഖയുടെ മകന്‍ ഇബ്നു ഇന്ന് അമ്മാവന്റെ കൂടെ വാടക വീട്ടിലാണ് താമസിക്കുന്നത്. വിദ്യാഭ്യാസ ലോണ്‍ എടുത്താണ് ഇബ്നു എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ വിദ്യാഭ്യാസ ലോണ്‍ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ എന്ത് ചെയണമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇബ്നു. നിപ പ്രതിരോധത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചപ്പോള്‍ സമാന സംഭവത്തില്‍ അവഗണന നേരിടുന്നതില്‍ ദുഖിതനാണ് ഇബ്നു.