അഭിമന്യു വധം: മുഖ്യ പ്രതികളെ ചോദ്യംചെയ്തിട്ടും കൃത്യം നടത്തിയവരെ കണ്ടെത്താനാവാതെ പൊലീസ് 

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും

Update: 2018-07-23 04:18 GMT
Advertising

അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിട്ടും കൃത്യം നടത്തിയവരെ കണ്ടെത്താനാകാതെ പൊലീസ് വലയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. കൃത്യം നടത്തിയത് ആസൂത്രിതമായാണെന്നും കൊലപാതകത്തിന്റെ സ്വഭാവം പ്രതികളുടെ കൃത്യം നടത്താനുള്ള പ്രാവീണ്യം തെളിയിക്കുന്നതാണെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കേസിലെ ഒന്നാം പ്രതി മുഹമ്മദിനെയും 25ആം പ്രതി ഷാനവാസിനെയും കഴിഞ്ഞ ദിവസം കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ കൃത്യം നടത്തിയവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ചോദ്യം ചെയ്യുക വഴി തെളിവുകള്‍ ശേഖരിക്കാനും ഒളിവിലുള്ളവരെ കണ്ടെത്താനുമുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് പുരോഗമിക്കുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച് തെളിവ് ശേഖരണത്തിന് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയതായാണ് സൂചന.

Full View

കേസിലെ ഒന്നാം പ്രതി മുഹമ്മദടക്കമുള്ള എസ്.‍ഡി.പി.ഐ പ്രവര്‍ത്തകരുമായി ചേര്‍ന്ന് മുഖ്യ പ്രതി ആരിഫ് ഗൂഢാലോചന നടത്തിയതായി പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്രതികള്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ അക്രമിക്കാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയതായും പോലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രതികള്‍ തമ്മില്‍ ഫോണ്‍ മുഖേന നടത്തിയ ആശയവിനിമയം സംബന്ധിച്ചും ഇതിനായി ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ സംബന്ധിച്ചും കൃത്യമായ വിവരം പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല. കൊലക്കുപയോഗിച്ച ആയുധങ്ങളും കണ്ടെത്തേണ്ടതുണ്ട്.

Tags:    

Similar News