സര്‍ക്കാര്‍ സ്കൂളുകളില്‍ ‘ഗുരുവന്ദനം’ പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കി ഉത്തരവ്
അനന്തപുരി ഫൌണ്ടഷന്‍ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 26 തീയതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ ഉത്തരവിറക്കിയത്
സര്‍ക്കാര്‍ സ്കൂളുകളില്‍ 'ഗുരുവന്ദനം' പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. അനന്തപുരി ഫൌണ്ടഷന്‍ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 26 തീയതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവുള്ളതുകൊണ്ടാണ് തൃശൂര്‍ ചേര്‍പ്പ് സ്‌കൂളില്‍ നടത്തിയ പാദപൂജയില്‍ വിദ്യാഭ്യാസ വകുപ്പ് നടപടികളെടുക്കാന്‍ വൈകുന്നതെന്നാണ് സൂചന.
ജൂണ്‍ 22-ആം തീയതിയാണ് തിരുവനന്തപുരത്തുള്ള അനന്തപുരി ഫൌണ്ടേഷന്റെ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സ്കൂളുകളില്‍ ഗുരുവന്ദനം പരിപാടി നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്. വെറും അഞ്ച് ദിവസം കൊണ്ട് കത്തിന്മേല്‍ തീര്‍പ്പുണ്ടാക്കി വിദ്യാഭ്യാസ വകുപ്പ്.ജൂണ്‍ 26ന് ഡിപിഐ കെവി മോഹന്‍കുമാറിന് വേണ്ടി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസാണ് മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലും ഗുരുവന്ദനം പരിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. മാതാപിതാക്കളെ ഉപേക്ഷിക്കരുതെന്ന സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കാനുള്ള പരിപാടിയെന്ന് ഉത്തരവില്‍ വിശദീകരിക്കുന്നു.
ഈ ഉത്തരവ് നിലനില്‍ക്കുന്നതുകൊണ്ട് തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് സ്‌കൂളില്‍ പാദപൂജ നടത്തിയ സംഭവത്തില്‍ നടപടികളെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് പരിമിതികളുണ്ടന്നാണ് വിവരം. എന്നാല്‍ ഗുരുവന്ദനം നടത്താന്‍ അനുമതി നല്‍കി എന്നതിന്റെ അര്‍ത്ഥം പാദപൂജ നടത്താമെന്നല്ലന്ന് ഡിപിഐ പ്രതികരിച്ചു.ചേര്‍പ്പ് സ്കൂളിലെ പാദപൂജയില്‍ തൃശൂര്‍ ഡിഇഒയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ അംഗവും സിപി.എം നേതാവുമായ എം.ജെ സുക്കാര്‍ണോയാണ് അനന്തപുരി ഫൌണ്ടഷന് വേണ്ടി ഡിപിഐക്ക് കത്ത് നല്‍കിയത്.