പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിമിഷയുടെ മൃതദേഹം സംസ്കരിച്ചു
കോരിച്ചൊരിയുന്ന മഴ വകവെയ്ക്കാതെയാണ് സഹപാഠികളും നാട്ടുകാരും നിമിഷയെ അവസാനമായി കാണാന്‍ തടിച്ചുകൂടിയത്.
പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ വിദ്യാര്‍ഥിനി നിമിഷയുടെ മൃതദേഹം സംസ്‌കരിച്ചു. പൂക്കാട്ടുപടി മലയിടംതുരത്ത് സെന്റ് മേരീസ് യാക്കേബായ പള്ളിയിലായിരുന്നു ചടങ്ങുകള്‍. കൊല്ലപ്പെട്ട നിമിഷയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.
വൈകീട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട നിമിഷയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. എറണാകുളത്ത് വിവിധ ഔദ്യോഗിക പരിപാടികള്‍ക്കായി എത്തിയതായിരുന്നു മുഖ്യമന്ത്രി. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് നിമിഷയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കോരിചൊരിയുന്ന മഴ വകവെയ്ക്കാത സഹപാഠികളും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. മലയിടം തുരുത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയിലായിരുന്നു ചടങ്ങുകള്‍.
ഇതിനിടെ റിമാന്റിലായ പ്രതി ബിച്ചു മുളളയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു മാറംമ്പള്ളി എംഇഎസ് കോളജ് വിദ്യാര്‍ത്ഥിനിയായ നിമിഷയെ ഇതരസംസ്ഥാന തൊഴിലാളിയായ ബച്ചുമള്ള കഴുത്തില്‍ കുത്തി കൊലപെടുത്തിയത്. നിമിഷയുടെ അമ്മൂമ്മയുടെ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് അക്രമണമുണ്ടായത്.
പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പ്രതിയെ വൈകാതെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. ഇയാള്‍ ജോലി ചെയ്തിരുന്ന പെരുമ്പാവൂരിലെ പ്ലൈവുഡ് സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഈ സ്ഥാപനത്തിലെ ജീവനക്കാരനല്ല ഇയാളെന്നാണ് സ്ഥാപന അധികൃതര്‍ പൊലീസിനോട് പറഞ്ഞിരുന്നതെങ്കിലും ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. പ്രതിയുടെ പശ്ചാലത്തലമോ യഥാര്‍ഥ വിലാസമോ കൃത്യമായി സ്ഥാപനത്തിന്റെ കൈവശം ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.