ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്: തെളിവെടുപ്പിന് അന്വേഷണസംഘം കേരളത്തിന് പുറത്തേക്ക്
ജലന്ധര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പോയി തെളിവെടുക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കേരളത്തിന് പുറത്തുപോയി തെളിവെടുപ്പ് നടത്താന്‍ അന്വേഷണ സംഘത്തിന് ഡിജിപിയുടെ അനുമതി. ജലന്ധര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പോയി തെളിവെടുക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാദര്‍ ജെയിംസ് ഏര്‍ത്തേലിന് കോടതി ജാമ്യം അനുവദിച്ചു.
കേരളത്തിനുള്ളിലെ അന്വേഷണം രണ്ട് ദിവസം മുന്‍പ് തന്നെ അന്വേഷണസംഘം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷ് കോട്ടയം എസ്പിക്ക് കൈമാറിയിരുന്നു. ഈ അന്വേഷണ പുരോഗതിയാണ് ഡിജിപി നേരിട്ടെത്തി വിലയിരുത്തിയത്. കേരളത്തിലെ അന്വേഷണം തൃപ്തികരമായ സാഹചര്യത്തിലാണ് ജലന്ധര്‍ അടക്കം കേരളത്തിന് പുറത്തേക്ക് പോകാന്‍ അന്വേഷണ സംഘത്തിന് ഡിജിപി അനുമതി നല്‍കിയത്. എന്നാല്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ തെളിവുകളെല്ലാം ശേഖരിച്ച ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ഡിജിപി അറിയിച്ചു.
അതേസമയം ബിഷപ്പിനെതിരായ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഫാദര്‍ ജെയിംസ് ഏര്‍ത്തയിലിന് കോടതി ജാമ്യം അനുവദിച്ചു. പാലാ കോടതിയില്‍ ഏര്‍ത്തയില്‍ കീഴടങ്ങിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്.