കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദികരുടെ മുൻകൂർ ജാമ്യഹർജി തള്ളി
വൈദികരോട് ഉടന്‍ പൊലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചു
കുമ്പസാരം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്സ് കെ ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. അടുത്ത തിങ്കളാഴ്ചക്കകം കീഴടങ്ങാന്‍ വൈദികരോട് കോടതി നിര്‍ദേശിച്ചു
വൈദികരുടെ വാദം രഹസ്യമായി ജഡ്ജിമാര്‍ ചേംബറില്‍ കേള്‍ക്കുകയും അതുകഴിഞ്ഞ് അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് പരിശോധിക്കുകയും ചെയ്ത ശേഷമാണ് സുപ്രീം കോടതി നടപടി. മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്ന കേസല്ല ഇതെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. അടുത്ത തിങ്കളാഴ്ചക്ക് മുമ്പ് വൈദികര്‍ വിചാരണ കോടതിയില്‍ കീഴടങ്ങണം. വിചാരണ കോടതിയോട് പിന്നീട് സ്ഥിര ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു.
കേസിലെ ഒന്നാം പ്രതിയാണ് ഫാദര്‍ എബ്രഹാം വര്‍ഗീസ്. ജെയ്സ് കെ ജോര്‍ജ് നാലാം പ്രതിയും. ഇരുവരുടേയും മുന്‍കൂര്‍ ജാമ്യ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. കേസില്‍ കക്ഷി ചേരാനായി പീഡനത്തിനിരയായ വീട്ടമ്മ നല്‍കിയ അപേക്ഷയും ഇന്ന് കോടതി പരിഗണിച്ചു. വൈദികര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അവര്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വീട്ടമ്മ ചൂണ്ടിക്കാട്ടി.