പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; ആലുവയിലേക്ക് വെള്ളം ഇരച്ചെത്തി

ഇടമലയാര്‍, ഭൂതത്താന്‍കെട്ട്, ഇടുക്കി ചെറുതോണി അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറന്നതോടെയാണ് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്.

Update: 2018-08-10 02:45 GMT
Advertising

അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. എറണാകുളത്ത് പെരിയാറിന്റെ തീരത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ആയിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നും കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയേക്കും.

ഇടമലയാര്‍, ഭൂതത്താന്‍കെട്ട്, ഇടുക്കി ചെറുതോണി അണക്കെട്ടുകളിലെ ഷട്ടറുകള്‍ തുറന്നതോടെയാണ് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. ഏറ്റവും കൂടുതല്‍ വെളളം ഇരച്ചെത്തിയത് ആലുവയിലും പരിസര പ്രദേശങ്ങളിലുമാണ്. ആലുവ മണപ്പുറവും ക്ഷേത്രവും വെളളത്തില്‍ മുങ്ങി. ഏലൂര്‍, ചേരാനെല്ലൂര്‍, കരുമാലൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ വീടുകളിലും പരിസരപ്രദേശങ്ങളിലും വ്യാവസായിക മേഖലകളിലും വെളളം കയറി. ജില്ലയില്‍ 26 ക്യാംപുകളിലായി ആയിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Full View

കൂടുതല്‍ പേരെ ഇന്നും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചേക്കും. ഏത് അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കി ചെറുതോണി അണക്കെട്ടിലെ വെളളവും പെരിയാറിലെത്തിയതോടെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിച്ചു. പെരുമ്പാവൂരും നേര്യമംഗലത്തും ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.

പെരിയാര്‍ കരവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിലുള്‍പ്പെടെ ഇന്നലെ വെളളം കയറിയിരുന്നു. പെരിയാര്‍ വീണ്ടും കരകവിഞ്ഞാല്‍ വിമാന സര്‍വീസിനെ ബാധിച്ചേക്കും.

Tags:    

Similar News