ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി
കേസില്‍ വിശദമായ ഉത്തരവ് ഉച്ചക്ക് 3.30ന് ഇറങ്ങും
കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. കുറ്റം ചെയ്തില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം. ദ്വയാർത്ഥം ഇല്ല എന്നൊന്നും പറയാൻ പറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ റിമാന്‍ഡിലാണ് ബോബി. കേസില്‍ വിശദമായ ഉത്തരവ് ഉച്ചക്ക് 3.30ന് ഇറങ്ങും.
ജാമ്യ ഹരജിയിലെ ചില പരാമർശങ്ങൾ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഹണി റോസിന് അസാമാന്യ മികവൊന്നുമില്ലെന്ന ജാമ്യാപേക്ഷയിലെ പരാമർശത്തിന് ആണ് വിമർശനം.പരാമർശം പിൻവലിക്കുന്നതായി അഭിഭാഷകന്‍ അറിയിച്ചു. തുടരെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ ആവർത്തിക്കുന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ആര്‍ക്കെതിരെ എന്തും സമൂഹ മാധ്യമങ്ങളില്‍ എഴുതാം എന്ന അവസ്ഥയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ബോബി ചെമ്മണൂരും സെലിബ്രിറ്റി ആണെന്നാണ് വാദമെന്നും എന്നിട്ട് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
അടിയന്തര സാഹചര്യമൊന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി ഇന്ന് പരിഗണിക്കാൻ മാറ്റിയത്. കെട്ടിച്ചമച്ച കഥയനുസരിച്ച് തയ്യാറാക്കിയ കേസാണെന്നും പരാതിക്കാരിയുടെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു ബോബി ചെമ്മണൂരിന്‍റെ വാദം.