കേരളത്തിനുള്ള യു.എ.ഇയുടെ ദുരിതാശ്വാസ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം

15 വര്‍ഷമായി വിദേശസഹായം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സ്വീകരിച്ചിട്ടില്ല. ഈ നിലപാട് മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അന്തിമ തീരുമാനം എടുക്കുക പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും വിദേശകാര്യ മന്ത്രാലയം

Update: 2018-08-22 09:02 GMT
Advertising

കേരളത്തിനുള്ള യു.എ.ഇ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. വിദേശ സഹായം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സ്വീകരിക്കേണ്ടെന്ന നിലപാട് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.

കേരളത്തിന് 700 കോടി രൂപ സഹായം നല്‍കാന്‍ തയ്യാറാണെന്ന് യു.എ.ഇ അറിയിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. യു.എ.ഇ സഹായം സ്വീകരിക്കേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. 15 വര്‍ഷമായി ഇന്ത്യയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാറില്ല. ഈ നിലപാട് മാറ്റേണ്ട സാഹചര്യം നിലവില്ലെന്നും മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ വിദേശ സഹായം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാകും. രാഷ്ട്രീയമായ പല കാര്യങ്ങളെയും ആശ്രയിച്ചാകും പ്രധാനമന്ത്രി വിഷയത്തില്‍ തീരുമാനമെടുക്കുക. ഇതിനിടെ കേരളത്തിന് നല്‍കുന്ന ദുരിതാശ്വാസ സഹായത്തെ കുറിച്ച് അബൂദബിയിലെ കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു. യു.എ.ഇയുടെ സഹായത്തിന് നരേന്ദ്ര മോദി നന്ദി അറിയിച്ചു.

അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിക്കാന്‍ ഇന്ത്യയില്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. 2016ലെ ദേശീയ ദുരന്ത നിവാരണ രൂപരേഖയില്‍ ഏതെങ്കിലും രാജ്യം സഹായിക്കാന്‍ സന്നദ്ധമാവുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു. ദുരന്ത സാഹചര്യങ്ങളില്‍ മറ്റ് രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കേണ്ട എന്നത് മാത്രമാണ് രാജ്യത്തിന്‍റെ നിലപാടെന്നും രൂപരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.

വിദേശ സഹായത്തിന്‍റെ ഏകോപനം വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പും കേന്ദ്രസര്‍ക്കാരും നടത്തണം. ഒപ്പം കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തി വേണം ലഭ്യമായ സഹായങ്ങള്‍ വിനിയോഗിക്കാനെന്നും രാജ്യത്തിന്‍റെ ദേശീയ ദുരന്ത നിവാരണ രൂപരേഖയില്‍ പറയുന്നു.

Full View
Tags:    

Similar News