തമിഴ്നാടിന് തിരിച്ചടി; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി

ജലനിരപ്പ് 142 അടിയാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സമിതി തള്ളി. കേരളത്തിലെ പ്രളയത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതും കാരണമായെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Update: 2018-08-23 12:52 GMT
Advertising

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജലനിരപ്പ് 142 അടിയാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സമിതി തള്ളി.

കേരളത്തിലെ പ്രളയത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതും കാരണമായെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. ജലനിരപ്പ് 142 അടിയിലെത്തിയപ്പോള്‍ മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളും തുറന്നുവിടാന്‍ നിര്‍ബന്ധിതമായെന്നും ഇത് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ എട്ട് ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നെന്നും ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ഡാമുകളില്‍ നിന്ന് വെള്ളം വന്‍തോതില്‍ വെള്ളം പുറത്തേക്കൊഴുകിയപ്പോള്‍ പെരിയാര്‍ നദിക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ പ്രളയത്തില്‍ മുങ്ങിയെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 139 അടിയില്‍ എത്തിയപ്പോള്‍ വെള്ളം നിയന്ത്രിത തോതില്‍ തുറന്ന് വിടാന്‍ മേല്‍നോട്ട സമിതിയും കേരളത്തിന്റെ ജലവിഭവ വകുപ്പ് സെക്രട്ടറിയും നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്നാട് അംഗീകരിച്ചില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

Full View
Tags:    

Similar News