കാസർകോട് കാറഡുക്ക പഞ്ചായത്തിൽ എല്‍.ഡി.എഫ് - യു.ഡി.എഫ് സഖ്യം അധികാരത്തിൽ
കാസർകോട് കാറഡുക്ക പഞ്ചായത്തിൽ എല്‍.ഡി.എഫ് - യു.ഡി.എഫ് സഖ്യം അധികാരത്തിൽ. യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ സി.പി.എം സ്വതന്ത്ര അനസൂയ റായ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 18 വർഷമായി ബി.ജെ.പിക്ക് ഭരണമുണ്ടായിരുന്ന പഞ്ചായത്തിൽ 7 നെതിരെ 8 വോട്ടിനാണ് എല്‍.ഡി.എഫ് - യു.ഡി.എഫ് സഖ്യം വിജയിച്ചത്. ബി.ജെ.പിയിലെ സ്വപ്നയെ 7നെതിരെ 8 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സി.പി.എം സ്വതന്ത്ര അനസൂയ റായ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
ബി.ജെ.പിയിലെ ജി സ്വപ്നക്കെതിരെ സി.പി.എമ്മിലെ എ വിജയകുമാര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് അംഗങ്ങള്‍ നേരത്തെ പിന്തുണച്ചിരുന്നു. പതിനഞ്ചംഗ പഞ്ചായത്തിൽ 7 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. എല്‍.ഡി.എഫിന് 5ഉം യുഡിഎഫിന് 3ഉം അംഗങ്ങളുണ്ട്. ആഗസ്റ്റ് രണ്ടിനും നാലിനുമായിരുന്നു അവിശ്വാസം. ബി.ജെ.പി ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിജയമാണിതെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു.
ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന എന്മകജെ പഞ്ചായത്തില്‍ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചിരുന്നു. എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അംഗത്തെ പിന്തുണക്കാന്‍ എല്‍.ഡി.എഫില്‍ ധാരണയായിട്ടുണ്ട്.