കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 1,31,485 വീടുകള്‍ക്ക് നാശം; 924.6 കോടിയുടെ നഷ്ടം
കാലവര്‍ഷം തുടങ്ങിയ മെയ് 29 മുതലുള്ള കണക്കാണിത്. പൂര്‍ണമായി തകര്‍ന്നത് 11,223 വീടുകള്‍, ഭാഗികമായി തകര്‍ന്നത് 1,20,262 വീടുകള്
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 1,31,485 വീടുകള്‍ക്ക് നാശമുണ്ടായതായി റവന്യൂ വകുപ്പിന്റെ കണക്ക്. വീടുകളുടെ നാശനഷ്ടത്തിന്റെ വകയില്‍ മാത്രം 924.6 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. തൃശൂര്‍ ജില്ലയിലാണ് നാശം കൂടുതല്‍.
കാലവര്‍ഷം തുടങ്ങിയ മെയ് 29 മുതലുള്ള കണക്കാണിത്. പൂര്‍ണമായി തകര്‍ന്നത് 11,223 വീടുകള്‍, ഭാഗികമായി തകര്‍ന്നത് 1,20,262 വീടുകള്‍.രണ്ടാം ഘട്ട പ്രളയമുണ്ടായ ആഗസ്ത് എട്ടിന് ശേഷം മാത്രം 1,18,319 വീടുകള്‍ തകര്‍ന്നു. 10748 എണ്ണം പൂര്‍ണമായും 107571 വീടുകള്‍ ഭാഗികമായും. ആകെ 924 കോടി 60 ലക്ഷം രൂപയുടെ നഷ്ടം.
തൃശൂര്‍ ജില്ലയില്‍ മാത്രം 253.23 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തൃശൂരില്‍ 3664 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 23658 വീടുകള്‍ ഭാഗികമായും. പത്തനംതിട്ടയില്‍ 2123 വീടുകള്‍ പൂര്‍ണമായും 32748 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നഷ്ടം 197.20 കോടി. തിരുവനന്തപുരം 161.7 കോടി, ആലപ്പുഴ 119.4 കോടി എന്നിങ്ങനെയാണ് കണക്ക്.
വില്ലേജ് ഓഫീസര്‍മാര്‍ വഴി ശേഖരിച്ച കണക്കാണിത്. വെള്ളം പൂര്‍ണമായിറങ്ങാത്ത മേഖലകളിലെ കണക്ക് കൂടി എത്തുമ്പോള്‍ വീടുകളുടെ ആകെ നഷ്ടം ആയിരം കോടി കവിയും. തദ്ദേശ വകുപ്പുമായി ചേര്‍ന്ന് മൊബൈല്‍ ആപ്പ് വഴി വീടുകളുടെ നാശനഷ്ടം സംബന്ധിച്ച് കണക്കെടുപ്പിനൊരുങ്ങുകയാണ് സര്‍ക്കാര്‍.