പാര്‍ട്ടിയുടെ ഓർഗനൈസിംഗ് സെക്രട്ടറി ആരാവണം: മുസ്‍ലീം ലീഗില്‍ തർക്കം
കെ.എസ് ഹംസയെ ഓർഗനൈസിംഗ് സെക്രട്ടറിയാക്കാനുള്ള നീക്കങ്ങളാണ് പാർട്ടിക്കുള്ളില്‍ നടക്കുന്നത്. വൈസ് പ്രസിഡന്‍റ് എം.സി മായിന്‍ഹാജിക്ക് ആ പദവി നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.
ഓർഗനൈസിംഗ് സെക്രട്ടറി പദവി രൂപീകരിക്കുന്നതിനെ ചൊല്ലി മുസ്ലീംലീഗ് നേത്യത്വത്തില്‍ തർക്കം. നിലവിലെ സെക്രട്ടറി കെ.എസ് ഹംസയെ ഓർഗനൈസിംഗ് സെക്രട്ടറിയാക്കാനുള്ള നീക്കങ്ങളാണ് പാർട്ടിക്കുള്ളില്‍ നടക്കുന്നത്. ഇതുവരെയില്ലാത്ത പദവി സ്യഷ്ടിക്കുകയാണങ്കില്‍ വൈസ് പ്രസിഡന്‍റ് എം.സി മായിന്‍ഹാജിക്ക് നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. ഓർഗനൈസിംഗ് സെക്രട്ടറി വേണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതി യോഗവും പിന്നീട് നടന്ന ഉന്നതാധികാര സമിതി യോഗവും തീരുമാനിച്ചിരുന്നു.
ദേശീയ കമ്മിറ്റിയുടെ മാത്യകയില്‍ സംസ്ഥാനത്തും ഓര്‍ഗനൈസിംഗ് സെക്രട്ടറി പദവി വേണമെന്ന ആവശ്യം കുറേ നാളുകളായി നേതൃത്വത്തിന് മുമ്പിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവർത്തക സമിതി യോഗത്തില്‍ ഇക്കാര്യം ഉയർന്നു വന്നു. സെക്രട്ടറിമാരില്‍ ഒരാളായ ത്യശ്ശൂരില്‍ നിന്നുള്ള കെഎസ് ഹംസയെ പുതിയ പദവിയില്‍ നിയോഗിക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ എം സി മായിന്‍ഹാജി യോഗത്തില്‍ പരസ്യ നിലപാടെടുത്തുവെന്നാണ് വിവരം. ഹംസയെ നിയോഗിക്കുന്നതില്‍ മുസ്ലീംലീഗ് ത്യശ്ശൂര്‍ ജില്ലാ കമ്മിറ്റിക്കും എതിര്‍പ്പുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെ ജോലി ഭാരം കുറക്കുന്നതിന് വേണ്ടിയാണ് പുതിയ പദവിയെന്നതാണ് നേതൃത്വത്തിന്‍റെ വിശദീകരണം. പികെ കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഹംസ. അന്തരിച്ച ചെർക്കുളം അബ്ദുള്ളക്ക് പകരം സംസ്ഥാന വൈസ് പ്രസിഡന്‍റ് സിടി അഹമ്മദാലിയെ ട്രഷററാക്കാനാണ് തീരുമാനം. മുന്‍ ട്രഷറര്‍ പികെകെ ബാവയും സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍ പോലും പ്രവർത്തക സമിതിയില്‍ പേരുയര്‍ത്തിയില്ല.
കെഎസ്ടിയു മുന്‍ സംസ്ഥാന പ്രസിഡന്‍റ് സിപി ചെറിയമുഹമ്മദിന് മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ ചുമതല നല്‍കിയിട്ടുണ്ട്. വൈസ് പ്രസിഡന്‍റ് ടിപിഎം സാഹിറിനായിരുന്നു ഇതുവരെ ചുമതല. ആരോഗ്യകാരണങ്ങള്‍ കൊണ്ടാണ് ചുമതല മാറ്റമെന്നാണ് വിശദീകരണം.