‘’മനുഷ്യരല്ലേ, പല തെറ്റുകളും പറ്റുന്നുണ്ട്’’: പി.കെ ശശിക്കെതിരായ ലൈംഗിക പീഡന വിവാദത്തിൽ വനിത കമ്മീഷൻ അധ്യക്ഷ
ഇത് ഒരു പുതുമയുള്ള കാര്യമല്ലെന്നും പാർട്ടിയുണ്ടായ കാലം മുതൽ ഇതുപോലുള്ള പ്രശ്നങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. യുവതിയുടെ പരാതി കമ്മീഷന് കിട്ടിയില്ല. പരാതി ലഭിച്ചാൽ കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.
ഇര പൊതുഇടത്തില്‍ പരാതിയുമായി വരുമ്പോഴാണ് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുന്നത്. ഈ ആരോപണത്തില്‍ അങ്ങനെയും സംഭവിച്ചിട്ടില്ലാത്തതിനാല്‍ കമ്മീഷന് സ്വമേധയാ കേസെടുക്കാന്‍ കഴിയില്ല. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ കമ്മീഷന് അറിയുന്ന വിവരങ്ങള്‍. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ലെന്നും ജോസഫൈന്‍ പറഞ്ഞു.
ഇത് ഒരു പുതുമയുള്ള കാര്യമല്ലെന്നും പാർട്ടിയുണ്ടായ കാലം മുതൽ ഇതുപോലുള്ള പ്രശ്നങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യരല്ലേ. പല തെറ്റുകളും പറ്റുന്നുണ്ട്. അതിൽ മാർക്സിസ്റ്റ് പാർട്ടി കൈക്കൊള്ളുന്ന രീതിയുണ്ട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ഇന്നുവരെ പാര്‍ട്ടിക്കകത്ത് ആര്‍ക്കെങ്കിലുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും പാര്‍ട്ടി നടപടി കൈക്കൊള്ളുന്നതെന്നുമായിരുന്നു പി.കെ ശശിക്കെതിരായ ലൈംഗിക പീഡന വിവാദത്തിൽ വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈന്റെ പ്രതികരണം.