ചോദ്യം ചെയ്യലിനോട് മാത്രമേ സഹകരിക്കൂ; കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിഷപ്പിന്‍റെ അഭിഭാഷകന്‍
അഭിഭാഷകനെ തള്ളി രൂപത അധികാരികൾ രംഗത്ത് വന്നു. രൂപതയുടെ നിലപാട് പറയാൻ ആരെയും ഏൽപ്പിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാൽ യോഗം ചേർന്ന് അടുത്ത നടപടിക്രമങ്ങളെ പറ്റി ആലോചിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാതിക്രമ കേസിൽ ചോദ്യംചെയ്യലിനോട് മാത്രമേ സഹകരിക്കൂ എന്ന് ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകൻ മന്ദീപ് സിംഗ്. കസ്റ്റഡിയിൽ എടുക്കാനാണ് ഉദ്ദേശമെങ്കിൽ ജാമ്യത്തിനായി സുപ്രീംകോടതിയെ വരെ സമീപിക്കുമെന്നും മന്ദീപ് സിംഗ് പറഞ്ഞു. അതേസമയം അഭിഭാഷകനെ തള്ളി രൂപത രംഗത്ത് വന്നു. നോട്ടീസ് ലഭിച്ച ശേഷമേ യോഗം ചേർന്ന് അടുത്ത നടപടിക്രമങ്ങളെ പറ്റി ആലോചിക്കൂ. ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ജലന്ധർ രൂപത അറിയിച്ചു.
ചോദ്യംചെയ്യലിന് ഹാജരാകാനായി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നോട്ടീസ് അയച്ചിരിക്കുകയാണ് പൊലീസ്. അന്വേഷണവുമായി സഹകരിക്കുമെന്ന് ബിഷപ്പ് പുറത്ത് വ്യക്തമാക്കുമ്പോൾ പക്ഷെ അതിന് വിരുദ്ധമായ നിലപാടാണ് ബിഷപ്പിന്റെ അഭിഭാഷകൻ മന്ദീപ് സിംഗിന്റെത്. ചോദ്യം ചെയ്യലുമായി മാത്രമേ സഹകരിക്കൂ എന്നും കസ്റ്റഡിയിൽ എടുക്കാനാണ് ഉദ്ദേശമെങ്കിൽ സുപ്രീംകോടതിയെ സമീപിച്ചാണെങ്കിലും ജാമ്യം തേടുമെന്നും അഭിഭാഷകൻ പറഞ്ഞു. ബിഷപ്പ് നിരപരാധിയാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന്റെ വ്യക്തിഹത്യക്ക് ആര് സമാധാനം പറയുമെന്നും മന്ദീപ് സിംഗ് ചോദിച്ചു.
അതേസമയം അഭിഭാഷകനെ തള്ളി രൂപത അധികാരികൾ രംഗത്ത് വന്നു. രൂപതയുടെ നിലപാട് പറയാൻ ആരെയും ഏൽപ്പിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാൽ യോഗം ചേർന്ന് അടുത്ത നടപടിക്രമങ്ങളെ പറ്റി ആലോചിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതുവരെ പൊലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ബിഷപ്പുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.