ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ നാളെ ചോദ്യംചെയ്യും; അറസ്റ്റ് ഉടനുണ്ടാകില്ല
ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അറസ്റ്റ് വൈകുമെന്ന് അന്വേഷണസംഘം സൂചന നല്‍കി. ബിഷപ്പിനെ വൈക്കം ഡി.വൈ.എസ്.പി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക
ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ല. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അറസ്റ്റ് വൈകുമെന്ന് അന്വേഷണസംഘം സൂചന നല്‍കി. ബിഷപ്പിനെ വൈക്കം ഡി.വൈ.എസ്.പി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക. സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കില്‍ മാത്രം ഏറ്റുമാനൂരിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഈ മാസം 25നകം വിശദീകരണം നൽകാനാണ് നിർദേശം. നാളെ ബിഷപ്പിനെ ചോദ്യം ചെയ്യാനിരിക്കെയാണ് മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റിയത്. ഗുരുതര ആരോപണങ്ങളുടെ പേരില്‍ മിഷനറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികകയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയതിന്റെ പേരില്‍ അവര്‍ക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പ്രധാന വാദം. ഇതിന്റെ പിന്നില്‍ താനാണെന്നാണ് കന്യാസ്ത്രീയുടെ തെറ്റിദ്ധാരണ. പരാതിക്കാരി മഠത്തിലെ ശല്യക്കാരിയായിരുന്നു. സ്ഥലം മാറ്റിയതിന്റെ പേരില്‍ കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തി. പൊലീസിന് കൊടുത്ത ആദ്യ മൊഴിയിലും മെഡിക്കൽ പരിശോധനയിലും ബലാത്സംഗമെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറയുന്നു.
തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ട കാര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നത് തുടരുമെന്നും ജലന്ധര്‍ ബിഷപ്പ് ബോധിപ്പിച്ചു. എന്നാല്‍ കന്യാസ്ത്രീക്ക് ബിഷപ്പിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്ന വാദം സഹോദരി തള്ളി.