ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച്
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഐ.ജി ഓഫീസിലേക്ക് സമരസമിതി പ്രവർത്തകര്‍ മാര്‍ച്ച് നടത്തി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കന്യാസ്ത്രീകൾ വഞ്ചി സ്ക്വയറിൽ നടത്തുന്ന സമരം പന്ത്രണ്ടാം ദിനവും തുടരുകയാണ് .
കന്യാസ്ത്രീകൾ പ്രത്യക്ഷ സമരം തുടങ്ങി 12 ദിവസം പിന്നിട്ടിട്ടും ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു. ഐ.ജി ഓഫീസ് മാർച്ച്. ബാരിക്കേഡുയർത്തി ഐ.ജി ഓഫീസിന് മുൻപിലെ റോഡിൽ പൊലീസ് മാർച്ച് തടഞ്ഞു. നേതാക്കളുടെ പ്രസംഗത്തിന് ശേഷം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ച് നീക്കി.
അതേസമയം ചോദ്യം ചെയ്യലിൽ പ്രതീക്ഷയുണ്ടെന്നാണ് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രതികരിച്ചത്. ഇന്ന് ഫ്രാങ്കോയുടെ അറസ്റ്റുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയും ഡോ പി ഗീതയും നിരാഹാര സമരം തുടരുകയാണ്.