നിലയ്ക്കലില്‍ പാര്‍ക്കിംഗിന് അധികസ്ഥലം ഒരുക്കുന്നത് റബ്ബര്‍ തോട്ടം വെട്ടിനിരത്തി; തോട്ടം തൊഴിലാളികളെ പിരിച്ചുവിടും
പതിറ്റാണ്ടുകളായി തോട്ടത്തിലെ ലയങ്ങളില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഇനിയുള്ള കാലം എങ്ങിനെ ഉപജീവനം തേടുമെന്ന ആശങ്കയിലാണ്.
നിലയ്ക്കലിലെ റബ്ബര്‍ തോട്ടം വെട്ടിനിരത്തിയാണ് ദേവസ്വം ബോര്‍ഡ് വാഹന പാര്‍ക്കിംഗിനായി അധിക സ്ഥലം കണ്ടെത്തുന്നത്. ഇതിന് മുന്നോടിയായി തോട്ടം തൊഴിലാളികളെ ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചുവിടുമെന്നാണ് പ്രഖ്യാപനം. പതിറ്റാണ്ടുകളായി തോട്ടത്തിലെ ലയങ്ങളില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഇനിയുള്ള കാലം എങ്ങിനെ ഉപജീവനം തേടുമെന്ന ആശങ്കയിലാണ്.
2005 ല്‍ ഫാര്‍മിങ് കോര്‍പ്പറേഷനില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 273 ഏക്കര്‍ വരുന്ന റബ്ബര്‍ തോട്ടം ഏറ്റെടുത്തത്. 35 വര്‍ഷത്തിലധികമായി ഇവിടെ റബ്ബര്‍ കൃഷിയുണ്ടായിരുന്നു. ദേവസ്വത്തിന്റ കീഴില്‍ ശബരി എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന ഇവിടെ ഇപ്പോള്‍ അവശേഷിക്കുന്നത് 16 സ്ഥിരം തൊഴിലാളികളും രണ്ട് സൂപ്പര്‍വൈസര്‍മാരും അടക്കം 22 പേര്‍. ലയങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് നിര്‍ദ്ദേശം വന്നാല്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഇവര്‍. ദേവസ്വം ഏറ്റെടുക്കുന്ന സമയത്ത് 52 സ്ഥിരം ജീവനക്കാരും 18 താല്‍കാലിക ജീവനക്കാരുമുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗം സര്‍വീസില്‍ നിന്ന് പിരിഞ്ഞു. പക്ഷേ ഇവരില്‍ പലരും ഇപ്പോഴും ലയങ്ങളില്‍ തുടരുന്നുണ്ട്. പല റബ്ബര്‍ ബ്ലോക്കുകളും നിലവില്‍ ടാപ്പിങ് നടക്കാത്ത നിലയിലാണ്. കാടുകയറിയ ഇവിടങ്ങളില്‍ വന്യമൃഗങ്ങള്‍ താവളമടിക്കുകയും ചെയ്തു.