ശബരിമല സ്ത്രീ പ്രവേശനം: തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു

തന്ത്രികുടുംബവുമായി ദേവസ്വം മന്ത്രി ചര്‍ച്ച നടത്തും. വിധി നടപ്പാക്കാനാണ് ചര്‍ച്ചയെന്ന് കോടിയേരി.

Update: 2018-10-06 07:45 GMT
Advertising

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സമവായ ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍. തന്ത്രി കുടുംബത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ചക്ക് വിളിച്ചു. വിധിക്കെതിരായ വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ചക്ക് വിളിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തന്ത്രി കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.

Full View

സര്‍ക്കാരിന്റെ നിലപാട് തന്ത്രി കുടുംബത്തെ ബോധ്യപ്പെടുത്തുമെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു‍. സുപ്രീംകോടതി വിധിയാണ്, സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാനില്ല. സത്യവാങ് മൂലത്തില്‍ സ്ത്രീ പ്രവേശനം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. വിദഗ്ധ സമിതിയെ വെക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പുനഃപരിശോധന ഹരജിക്ക് ആര്‍ക്കും പോകാമെന്നും വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്നും പറഞ്ഞ ദേവസ്വം മന്ത്രി കേന്ദ്രത്തെ കൊണ്ട് ബില്ല് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്ത്രീ പ്രവേശനവിധിയില്‍ സി.പി.എമ്മിന് ആശയക്കുഴപ്പമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു‍. വിധി നടപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ബാധ്യത. വിധിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നവരുമായാണ് ദേവസ്വം മന്ത്രി ചര്‍ച്ച നടത്തുകയെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് മുന്പ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

Full View

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുനഃപരിശോധന ഹരജി നല്കുന്ന കാര്യം കോണ്‍ഗ്രസിന്റെ പരിഗണനയിലാണെന്ന് കെ.സി വേണുഗോപാല്‍. ഹരജി ആരെകൊണ്ട് നല്‍കിപ്പിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലാണ്. വിഷയത്തില്‍ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും ഒരേ നിലപാടാണന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോഴിക്കോട് പറഞ്ഞു.

Full View

തന്ത്രികുടുംബവുമായി ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സദുദ്ദേശത്തോടെയല്ലെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. 50 വര്‍ഷമായി ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കോടതി വിധിക്കെതിരെ ബി.ജെ.പി സ്വന്തം നിലയില്‍ റിവ്യു ഹരജി നല്‍കില്ല. പുനഃപ്പരിശോധന ഹരജി നല്‍കുന്ന ഹിന്ദു സംഘടനകളെ ബി.ജെ.പി പിന്തുണക്കുമെന്നും പി. എസ് ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമേ പുനഃപ്പരിശോധന ഹരജി നല്‍കുന്നതില്‍ തീരുമാനമെടുക്കൂയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും വ്യക്തമാക്കി

Tags:    

Similar News