ചെങ്ങോട്ടുമലയില്‍ ഖനനം നടത്തരുത്; ഗ്രാമസഭ പ്രമേയം പാസാക്കി
കോട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചേര്‍ന്ന പ്രത്യേക ഗ്രാമസഭയിലാണ് പ്രമേയം പാസായത്. ഒന്നിനെതിരെ 331 വോട്ടുകള്‍ക്കായിരുന്നു സമരസമിതിയുടെ വിജയം.
ചെങ്ങോട്ടുമലയില്‍ ഖനനം നടത്തരുത് എന്നാവശ്യപ്പെട്ടുള്ള പ്രമേയം ഗ്രാമസഭ പാസാക്കി. കോട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചേര്‍ന്ന പ്രത്യേക ഗ്രാമസഭയിലാണ് പ്രമേയം പാസായത്. ഒന്നിനെതിരെ 331 വോട്ടുകള്‍ക്കായിരുന്നു സമരസമിതിയുടെ വിജയം.
അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചെങ്ങോട്ടുമലയില്‍ ഖനനമനുവദിക്കരുത് എന്നാവശ്യപ്പെട്ട് ചേര്‍ന്ന പ്രത്യേക ഗ്രാമസഭ നേരത്തെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഖനനാനുകൂലികള്‍ അലങ്കോലപ്പെടുത്തിയ ഗ്രാമസഭക്ക് പകരം ഇന്ന് വന്‍ പൊലീസ് സാന്നിധ്യത്തില്‍ ചേര്‍ന്ന ഗ്രാമസഭയിലാണ് ഖനനവിരുദ്ധ പ്രമേയം പാസായത്. കരിങ്കല്‍ ഖനനത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് പ്രദേശവാസികളില്‍ നിന്നുണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഗ്രാമസഭ ചേര്‍ന്ന് പ്രമേയം പാസാക്കിയത്.
മഞ്ഞള്‍ കൃഷിക്ക് എന്ന പേരില്‍ ഡെല്‍റ്റാ ഗ്രൂപ്പ് കൈവശപ്പെടുത്തിയ ഭൂമിയില്‍ വന്‍തോതില്‍ കരിങ്കല്‍ ഖനനത്തിന് പദ്ധതിയിടുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ജനങ്ങള്‍ സമര രംഗത്തിറങ്ങിയത്. ഖനനത്തിനെതിരായ പ്രമേയം പാസായതോടെ സമരം കൂടുതല്‍ ശക്തമാക്കാനുളള തയ്യാറെടുപ്പിലാണ് സമരസമിതി പ്രവര്‍ത്തകര്‍.