മാത്യു ടി.തോമസിന്റെ മന്ത്രിപദം; ജനതാദളിൽ പോര് രൂക്ഷം
ഇല്ലെങ്കിൽ പാർട്ടി വിടുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കാനും കൃഷ്ണന്‍കുട്ടി വിഭാഗം ആലോചിക്കുന്നുണ്ട്
മന്ത്രി സ്ഥാനത്തിനായുള്ള നീക്കത്തിൽ നിന്ന് പിറകോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് ജനതാദൾ കൃഷ്ണൻകുട്ടി വിഭാഗം. മാത്യു ടി.തോമസിന്റെ രാജിക്കായുള്ള സമ്മർദ്ദം തുടരും. ഇല്ലെങ്കിൽ പാർട്ടി വിടുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കാനും കൃഷ്ണന്‍കുട്ടി വിഭാഗം ആലോചിക്കുന്നുണ്ട്.
മാത്യു ടി.തോമസ് രാജി വയ്ക്കണമെന്ന ആവശ്യം ദേശീയ നേതൃത്വത്തിനു മുൻപിൽ ഉന്നയിച്ച ജെ.ഡി.എസ് കൃഷ്ണൻകുട്ടി വിഭാഗം അതിനായുള്ള നീക്കങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും മന്ത്രി സ്ഥാനം ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ചിറ്റൂർ എം.എൽ.എ കെ.കൃഷ്ണൻകുട്ടി. ഇല്ലെങ്കിൽ പാർട്ടി വിടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കൃഷ്ണൻകുട്ടി വിഭാഗത്തിൽ ഉണ്ടായിട്ടുള്ള ധാരണ. പ്രത്യേക യോഗം ചേർന്ന് ഇക്കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും ആ തീരുമാനങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്നും കൃഷ്ണൻകുട്ടി വിഭാഗം നേതാക്കൾ സ്ഥിരീകരിച്ചു. അടുത്ത ദിവസങ്ങളിൽ ജെ.ഡി.എസിനുള്ളിൽ ചേരിപ്പോര് രൂക്ഷമാവാനാണ് സാദ്ധ്യത. പിളർപ്പ് ഒഴിവാക്കുന്നതിനായി ദേശീയനേതാക്കൾ ഇരു വിഭാഗവുമായും ചർച്ചകൾ നടത്തുന്നുണ്ട്.