ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചക്ക്

ശബരിമലയുമായി ബന്ധപ്പെട്ട കക്ഷികളുമായി ചൊവ്വാഴ്ച രാവിലെ 10 ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചര്‍ച്ച നടത്തും.

Update: 2018-10-14 07:21 GMT
Advertising

ശബരിമല വിഷയത്തില്‍ സമവായത്തിന് ദേവസ്വം ബോര്‍ഡിന്റെ നീക്കം. തന്ത്രികുടുംബം, പന്തളംകൊട്ടാരം, അയ്യപ്പ സേവാ സംഘം എന്നിവരെ ദേവസ്വം ബോര്‍ഡ് ചര്‍ച്ചക്ക് വിളിച്ചു. ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ച മുന്‍വിധി ഇല്ലാതെയായിരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.

17 ന് മാസപൂജകള്‍ക്കായി നടതുറക്കാനിരിക്കെയാണ് സമവായ നീക്കങ്ങള്‍ ദേവസ്വം ബോര്‍ഡ് ഊര്‍ജിതമാക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട കക്ഷികളുമായി ചൊവ്വാഴ്ച രാവിലെ 10 ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചര്‍ച്ച നടത്തും. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, തന്ത്രി സമാജം, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, യോഗക്ഷേമ സഭ എന്നിവരെയാണ് ചര്‍ച്ചക്ക് വിളിച്ചിട്ടുള്ളത്. ചര്‍ച്ചയില്‍ മുന്‍വിധിയില്ലെന്ന സൂചനയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് നല്‍കുന്നത്.

ശബരിമലയെ ഒരു പ്രശ്‌നകേന്ദ്രമാക്കി മാറ്റരുതെന്ന നിലപാട് ബന്ധപ്പെട്ട കക്ഷികള്‍ക്കെല്ലാം ഉള്ളതിനാല്‍ ചര്‍ച്ച ഗുണകരമാകുമെന്ന പ്രതീക്ഷയാണ് ദേവസ്വം ബോര്‍ഡിനുള്ളത്. സമവായ നീക്കവുമായി മുന്നോട്ടുപോകാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും സൂചനയുണ്ട്. നേരത്തെ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും പിന്മാറിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം നിര്‍വാഹക സമിതി ചേര്‍ന്ന തീരുമാനിക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു.

Tags:    

Similar News