തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ വിവാദ ക്വാറികള്‍ക്ക് അനുമതി നല്കിയത് ഗ്രാമസഭയുടെ ഭൂരിപക്ഷ തീരുമാനം മറികടന്ന്
ഗ്രാമസഭയില്‍ പങ്കെടുത്ത 173 പേരില്‍ 165 പേരും ക്വാറിക്ക് അനുമതി നല്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഈ തീരുമാനം പഞ്ചായത്ത് അട്ടിമറിക്കുകയായിരുന്നു
കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ വിവാദ ക്വാറികള്‍ക്ക് പഞ്ചായത്ത് അനുമതി നല്കിയത് ഗ്രാമ സഭയുടെ ഭൂരിപക്ഷ തീരുമാനം മറികടന്ന്. ഗ്രാമസഭയില്‍ പങ്കെടുത്ത 173 പേരില്‍ 165 പേരും ക്വാറിക്ക് അനുമതി നല്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഈ തീരുമാനം പഞ്ചായത്ത് അട്ടിമറിക്കുകയായിരുന്നു.
2013 ഒക്ടോബര്‍ ഒന്നിന് ചേര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഗ്രാമ സഭയുടെ മിനിട്സ് കോപ്പിയാണിത്. വാര്‍ഡിലെ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമായിരുന്നു അജണ്ട.173 പേരാണ് ഗ്രാമസഭയില്‍ ആകെ പങ്കെടുത്തത്.ഇതില്‍ 165 പേരും ക്വാറി പാടില്ലന്ന് നിലപാടെടുത്തു. ഗ്രാമസഭ തീരുമാനം പക്ഷെ,പഞ്ചായത്ത് അംഗങ്ങളുടെ യോഗത്തില്‍ അട്ടിമറിക്കപ്പെട്ടു. എന്നു മാത്രമല്ല,പ്രദേശത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അറുപതിലധികം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിക്കാന്‍ പോലും പഞ്ചായത്ത് ചെറുവിരലനക്കിയില്ല.
20 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുളള പ്രദേശങ്ങളില്‍ മഴക്കുഴികള്‍ പോലും പാടില്ലന്ന 2016ലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നില നില്ക്കുമ്പോഴാണ് നരിക്കോട് മല,പാത്തിക്കല്‍,വാഴമല തുടങ്ങിയ ചെങ്കുത്തായ പ്രദേശങ്ങളില്‍ പോലും ക്വാറികള്‍ക്കുള്ള അനുമതി നല്കിയത്.