മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണം: കെ. സുരേന്ദ്രന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും
അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളില്‍ നിര്‍ണ്ണായകമാണ് ഹൈകോടതിയ്ക്ക് മുന്നിലുള്ള ഈ ഹര്‍ജി
മഞ്ചേശ്വരത്ത് പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് ഹരജി നൽകിയിട്ടുള്ളത്. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളില്‍ നിര്‍ണ്ണായകമാണ് ഹൈകോടതിയ്ക്ക് മുന്നിലുള്ള ഈ ഹരജി.
അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ. സുരേന്ദ്രന്റെ ഹര്‍ജി. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ ഹരജിയില്‍ ആരോപിക്കുന്നു. കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. ഇതിനിടെയാണ് എതിർകക്ഷിയായ എം.എല്‍.എ അബ്ദുൾ റസാഖ് മരിച്ചത്.
ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അല്ലെങ്കില്‍ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വിലിക്കണം. എന്നാൽ കോടതി നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാനാണ് സുരേന്ദ്രന്റെ നീക്കം.