ശബരിമല അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ  എണ്ണം 3500 കടന്നു

ഇന്നലെ മാത്രം 160 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 3505 പേരെയാണ് ആകെ അറസ്റ്റ് ചെയ്തത്

Update: 2018-10-29 04:51 GMT
Advertising

ശബരിമല അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 3500 കടന്നു. 3505 പേരെയാണ് ആകെ അറസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം 160 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആകെ 529 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

അക്രമസംഭവങ്ങളുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പോലീസ് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ തിരിച്ചറിയുന്നത്. അറസ്റ്റ് ഇപ്പോഴും തുടരുകയാണ്. അറസ്റ്റ് തുടങ്ങിയിട്ട് ആറാം ദിവസമാണിത്. അറസ്റ്റ് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണ്.

മാധ്യമപ്രവര്‍ത്തകരെയും പൊലീസുകാരെയും ആക്രമിച്ചവര്‍, വാഹനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടവര്‍ തുടങ്ങി അക്രമവുമായി നേരിട്ട് ബന്ധമുള്ളവരെ മാത്രമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുന്നതും റിമാന്‍ഡ് ചെയ്യുന്നതും. അക്രമികളെത്തിയ 12 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടവര്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിരുന്നുവെന്ന് പിന്നീട് അറിഞ്ഞാല്‍ അവരെ വീണ്ടും അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യുന്നുണ്ട് പൊലീസ്. അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

പ്രാർത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന് ഇന്നലെ ഡിജിപി നിർദ്ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായവര്‍ക്കെതിരെ മാത്രം അറസ്റ്റ് ചെയ്താൽ മതിയെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആൽബം കൂടെ പൊലീസ് പുറത്ത് വിടും. നേരത്തെ 420 പേരുടെ ഫോട്ടോ ആൽബം പൊലീസ് പുറത്ത് വിട്ടിരുന്നു.

Tags:    

Similar News