“മതേതര ഇന്ത്യ നീണാള്‍ വാഴട്ടെ”; കമല്‍റാം സജീവ് മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചു
സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കമല്‍റാമിനെ നീക്കിയതെന്ന് ആരോപണമുണ്ട്
മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട കമല്‍റാം സജീവ് രാജിവെച്ചു. ട്വിറ്ററിലാണ് കമല്‍റാം ഇക്കാര്യം അറിയിച്ചത്.
"മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചു. മാതൃഭൂമിയിലെ 15 വര്‍ഷത്തെ ക്രിയാത്മകവും സജീവവുമായ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഡോണിനും മനിലയ്ക്കും സുബിക്കും ശ്രീകുമാറിനും ഷരീഫിനും പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും നന്ദി. മതേതര ഇന്ത്യ നീണാള്‍ വാഴട്ടെ", എന്നാണ് കമല്‍റാം ട്വീറ്റ് ചെയ്തത്.
കമല്‍റാമിനെ മാറ്റി എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ എഡിറ്ററാക്കിയത്. സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കമല്‍റാമിനെ നീക്കിയതെന്ന് ആരോപണമുണ്ട്. ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം തുടങ്ങിയ എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധിച്ചതോടെ പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു. കമല്‍റാം സജീവിനെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് സംഘപരിവാര്‍ സമ്മര്‍ദ്ദം കൊണ്ടാണെന്ന് എസ് ഹരീഷും വിമര്‍ശിച്ചു.
മീശ വിവാദത്തിന് ശേഷം മാതൃഭൂമി പത്രത്തിനുണ്ടായ മാറ്റം തന്നെ നിരാശനാക്കുന്നുവെന്നാണ് എസ്.ഹരീഷ് പറഞ്ഞത്. മീശ പ്രസിദ്ധീകരിച്ചതുകൊണ്ട് മാത്രമാണ് പത്രാധിപർ കമല്‍റാമിന് ജോലി നഷ്ടമായത്. പത്രം സംഘപരിവാറിന് കീഴടങ്ങുകയാണ്. എന്നാല്‍ വായനക്കാരിലെ പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ടെന്നും ഹരീഷ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മീശയ്ക്ക് മുന്‍പും പിന്‍പും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.