സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം: മാധ്യമം നിയമനടപടിക്ക്

വ്യാജ വാർത്തകൾക്ക് നേതൃത്വം നൽകുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും അതിന്റെ പ്രചാരണം ഏറ്റെടുക്കുന്നവർക്കെതിരെയും അപകീർത്തിക്കേസ് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മാനേജ്മെന്റ്.

Update: 2018-11-07 07:15 GMT
Advertising

'മാധ്യമ'ത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ നടത്തിവരുന്ന വ്യാജ പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ സജീവ ഇടപെടലുമായി മുന്നേറുന്ന പത്രത്തിനെതിരെ നിക്ഷിപ്ത താൽപര്യക്കാർ പടച്ചുണ്ടാക്കുന്ന വ്യാജ കഥകൾ പ്രബുദ്ധരായ മാധ്യമ സ്നേഹികൾ തള്ളിക്കളയും.

മൂന്നു പതിറ്റാണ്ടു കൊണ്ട് കേരളത്തിൽ ഏഴും ഗൾഫിൽ എട്ടും എഡിഷനുകളിലായി 'മാധ്യമം' പടർന്നു പന്തലിച്ചത് വാർത്തയിലും വീക്ഷണത്തിലും പുലർത്തിയ വേറിട്ട മാനവിക നിലപാടിലൂടെയാണ്. വർഗീയതക്കും തീവ്രവാദത്തിനുമെതിരെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുയർത്തിപ്പിടിച്ച് ശബ്ദമില്ലാത്തവർക്ക് ശബ്ദം പകരാൻ നടത്തിയ അക്ഷീണയത്നത്തിലൂടെയാണ് 'മാധ്യമ'ത്തെ ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചേറ്റിയത്. പ്രവാസ ലോകത്തെ പ്രചാരത്തിൽ 'മാധ്യമം' ഒന്നാമത്തെ പത്രമായതും മലയാളി പ്രബുദ്ധതയുടെ അജണ്ട നിശ്ചയിക്കുന്ന സ്വാധീനം നേടിയതും അങ്ങനെയാണ്.

പത്രത്തിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളും 'അക്ഷര വീട്' അടക്കമുള്ള ജനകീയ പരിപാടികളും കേരളം ഏറ്റെടുത്തു. കേരളത്തിന്റെ പ്രവാസ ലോകത്തെ അംബാസഡറായ 'മാധ്യമ'ത്തിന് ഷാർജ ഭരണകൂടം അംഗീകാരം നൽകിയത് ഈയിടെയാണ്. കേരളത്തിലെ വിവിധ എഡിഷനുകളിൽ വായനക്കാരുടെ വർധനക്ക് അനുസരിച്ച് അച്ചടി രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി വരികയാണ്. മലപ്പുറത്തും തിരുവനന്തപുരത്തും മികച്ച പ്രിന്റിങ്ങ് സംവിധാനത്തിന് തുടക്കം കുറിച്ചു. കൊച്ചിയിൽ കൂടുതൽ മികച്ച പ്രിൻറിംഗ് പ്രസ് ഉടൻ കമീഷൻ ചെയ്യും. കണ്ണൂരിലും കോഴിക്കോട്ടും വിപുലമായ അച്ചടി സമുച്ചയത്തിന്റെ പരിപാടികളുമായി മുന്നോട്ടു പോകുന്നു.

ഈ സന്ദർഭത്തിൽ നിലവിലെ വഷളായ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടിൽ ജനപക്ഷ മാധ്യമത്തിന്റെ സാന്നിധ്യത്തിൽ അലോസരവും അസൂയയുമുള്ള തൽപരകക്ഷികൾ ഇല്ലാക്കഥകളുമായി രംഗത്തു വന്നിരിക്കുകയാണ്. വിവിധ വിഷയങ്ങളിൽ മാധ്യമം സ്വീകരിച്ചു വരുന്ന ജനാധിപത്യ സമീപനത്തോട് വിരോധമുള്ള വിരുദ്ധ കേന്ദ്രങ്ങൾ ഒരു പോലെ ഈ വ്യാജ പ്രചാരണത്തിൽ കണ്ണി ചേർന്നത് കൗതുകകരമാണ്. മാധ്യമത്തിനെതിരായ വ്യാജ വാർത്തകൾക്ക് നേതൃത്വം നൽകുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിന്റെ പ്രചാരണം ഏറ്റെടുക്കുന്നവർക്കെതിരെയും അപകീർത്തിക്കേസ് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.

Tags:    

Similar News