നെയ്യാറ്റിന്‍കര കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്; ഡി.വൈ.എസ്.പിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഡി.വൈ.എസ്.പി ബി.ഹരികുമാറിനെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പി ശിപാര്‍ശ ചെയ്തു. എസ്.പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി.
കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥനായത് കൊണ്ട് പൊലീസില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന സംഘത്തില്‍ വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ ഭാര്യ വിജി രാവിലെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് വിടാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥനെതിരായ കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ വിവാദങ്ങളുണ്ടാകുമെന്നും അതുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെട്ട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് 2010 ല്‍ സര്‍ക്കാര്‍ ഉത്തരവുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതിനിടെ ഡി.വൈ.എസ്.പി ഹരികുമാറിന്‍റെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഡി.ജി.പി നടപടി എടുത്തില്ലെന്ന വിവരവും പുറത്ത വരുന്നുണ്ട്. നെയ്യാറ്റിന്‍കര എസ്.ഐ ആയി ഔദ്യോഗിക ജോലി തുടങ്ങിയ ഹരികുമാര്‍ അന്ന് മുതല്‍ തന്നെ വഴിവിട്ട നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും സേനക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇയാള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിട്ടും നടപടിയെടുത്തില്ലെന്നാണ് വിവരം. ഒളിവിലുള്ള ഹരികുമാര്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. രണ്ട് സി.ഐമാരെയും ഷാഡോ പൊലീസിനെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു.