ശബരിമല: സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാന്‍ ദേവസ്വം ബോര്‍ഡ്

സുപ്രിം കോടതി പുനപരിശോധനാ ഹരജി പരിഗണക്കുമ്പോള്‍ ദേവസ്വം ബോര്‍ഡും കക്ഷിയായിരിക്കും. കോടതി ബോര്‍ഡിന്‍റെ നിലപാട് ആരായുകയും ചെയ്തു

Update: 2018-11-07 13:40 GMT
Advertising

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹരജി പരിഗണനക്ക് വരുമ്പോള്‍ സുപ്രിം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. ആചാര ലംഘനം സംബന്ധിച്ച തുടര്‍ നടപടികള്‍ തന്ത്രികള്‍ തീരുമാനിക്കും. താന്‍ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് പറഞ്ഞു.

സുപ്രിം കോടതി പുനപരിശോധനാ ഹരജി പരിഗണക്കുമ്പോള്‍ ദേവസ്വം ബോര്‍ഡും കക്ഷിയായിരിക്കും. കോടതി ബോര്‍ഡിന്‍റെ നിലപാട് ആരായുകയും ചെയ്തു. അപ്പോള്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് വ്യക്തമാക്കാന്‍ മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകനെ തന്നെ നിയോഗിക്കാനാണ് തീരുമാനിച്ചത്. അഭിഭാഷകന്‍ ആരെന്ന തുടര്‍ ചര്‍ച്ചകളിലൂടെ തീരുമാനിക്കും. പതിനെട്ടാം പടയില്‍ വത്സന്‍ തില്ലങ്കരിയും ദേവസ്വം അംഗം ശങ്കര്‍ദാസും കയറിയത് സംബന്ധിച്ച് ആചാര ലംഘനം നടന്നിട്ടുണ്ടോ എന്ന് തന്ത്രിമാര്‍ തീരുമാനിക്കും. ആചാര ലംഘനം നടന്നെന്ന് കണ്ടെത്തിയാല്‍ പരിഹാര ക്രിയകളും നടത്തും. താന്‍ ചടങ്ങിന്‍റെ ഭാഗമായാണ് പടികയറിയതെന്ന നിലപാടിലാണ് ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ്.

പമ്പയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലേലത്തിന് നല്‍കാനായി താല്ക്കാലിക ഷെഡുകള്‍ നിര്‍മിക്കാനും തീരുമാനിച്ചു. സ്ഥിരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതിനിടെ ആചാരലംഘനം നടത്തിയ ശങ്കര്‍ദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. രാംകുമാര്‍ ഹൈക്കോടതിയിൽ ഹരജി നല്‍കി.

Tags:    

Similar News