സനലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അതിനിടെ മുന്‍കൂര്‍ ജാമ്യം തേടി ഡി.വൈ.എസ്.പി ഹരികുമാര്‍ കോടതിയെ സമീപിച്ചു.
നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
തലക്കേറ്റ ക്ഷതമാണ് സനലിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. വാഹനം ഇടിച്ചത് തലക്കാണെന്നാണ് നിഗമനം. സനലിന്റെ കയ്യും വാരിയെല്ലും ഒടിഞ്ഞിട്ടുണ്ട്. ഇതും വാഹനത്തിന്റെ ഇടിയിലുണ്ടായതാകും. മര്‍ദനത്തിന്റെ പാടുകളും സനലിന്റെ ശരീരത്തിലുണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതിനിടെ കേസന്വേഷണത്തിന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റിലെ എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് ക്രൈംബ്രാഞ്ച് മേധാവി രൂപം നല്‍കി. ഇവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഏറ്റെടുക്കും.
അതേ സമയം കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹരികുമാര്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജാമ്യ ഹരജിയും സമര്‍പ്പിച്ചു. പ്രതി ആരെന്ന വ്യക്തമായിരിക്കെ അറസ്റ്റ് ചെയ്യാതെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് അട്ടിമറിക്കാനെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുന്നു. അറസ്റ്റ് വൈകിപ്പിക്കാനും ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുമാണ് ശ്രമം. ഇതിന് പിന്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സി.പി.എം നേതാക്കളുമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നാട്ടുകാരും ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് രംഗത്തുവന്നിട്ടുണ്ട്.