പാലക്കാട് ഓട്ടോ ഡ്രൈവറുടെ മരണം: സദാചാര കൊലപാതകമെന്ന് സൂചന
ഇന്നലെ രാത്രിയാണ് പാറയ്ക്കല്‍ കുണ്ടുകാട് ഷെമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്
പാലക്കാട് വള്ളിക്കോട് പാറയ്ക്കലില്‍ ഓട്ടോ ഡ്രൈവറുടെ മരണം സദാചാര കൊലപാതകമെന്ന് സൂചന. ഇന്നലെ രാത്രിയാണ് പാറയ്ക്കല്‍ കുണ്ടുകാട് ഷെമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികളും ഫോറന്‍സിക് പരിശോധനയും പൊലീസ് പൂര്‍ത്തിയാക്കി.
മുട്ടിക്കുളങ്ങര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച ഷെമീര്‍. വള്ളിക്കോട് പാറയ്ക്കലിലെ ഒരു വീട്ടിലേക്കു വരുമ്പോള്‍ മൂന്ന് യുവാക്കള്‍ ഓട്ടോ തടഞ്ഞു നിര്‍ത്തി ഷെമീറിനെ മര്‍ദിച്ചതായാണ് വിവരം. തലയിലും ദേഹത്തും മര്‍ദനമേറ്റ പാടുകളുണ്ട്. പട്ടികക്കഷണവും ഗ്രാനൈറ്റ് പാളി കൊണ്ടും തലയ്ക്ക് അടിച്ചുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു ബൈക്കുകളിലെത്തിയവരാണ് ഷെമീറിനെ മര്‍ദിച്ചത്. നാട്ടുകാരില്‍ ചിലര്‍ പൊലീസിന് നല്കിയ മൊഴി പ്രകാരം സദാചാര കൊലപാതകമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുന്പില് സ്ഥിതീകരിക്കാന്‍ പ്രദേശവാസികള്‍ തയ്യാറായിട്ടില്ല.
കൊലപാതകം നടന്ന പ്രദേശത്തെ മൂന്നു യുവാക്കള്‍ ഒളിവിലാണെന്നും വിവരമുണ്ട്. മരിച്ച ഷെമീര്‍ അവിവാഹിതനാണ്. ഫോറന്‍സിക് വിദഗ്ദര്‍ ഇല്ലാതിരുന്നതിനാല്‍ രാവിലെയാണ് വിദഗ്ധര്‍ എത്തി പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്.