സി.പി.എം ജില്ലാ സെക്രട്ടറിയുടെ കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
നെട്ടൂര്‍ സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുധീഷിനെയാണ് കുറ്റിയാടി പോലിസ് കസ്റ്റഡിയിലെടുത്തത്.
സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറിയുടെ മകനെയും മരുമകളെയും ആക്രമിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കുറ്റിയാടി നിട്ടൂര്‍ എകരത്ത് സുധീഷാണ് അറസ്റ്റിലായത്. എട്ട് പേര്‍ക്കെതിരെ കേസ്സെടുത്തു.
ഇന്നലെ നടന്ന ഹര്‍ത്താലിനിടെയാണ് പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനെയും ഭാര്യ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയേയും ഒരു സംഘം ആക്രമിച്ചത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുധീഷിനെ കുറ്റിയാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ എസ്.ഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളുടെ വീട്ടിലെത്തി. പൊലീസിനെ കണ്ടതോടെ ഇറങ്ങി ഓടിയ സുധീഷിനെ ഒരു കിലോമീറ്ററോളം ദൂരം പിന്തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാദാപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസില്‍ എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജൂലിയസ് നികിതാസിനെയും സാനിയോ മനോമിയേയും കാര്‍ തടഞ്ഞ് നിര്‍ത്തിയാണ് ഒരു സംഘം മര്‍ദ്ദിച്ചത്.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ നടുവണ്ണൂരില്‍ വെച്ചും ഒരു സംഘം ഇവര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു. സാരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.