സീരിയൽ നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
തിരുവനന്തപുരം: സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സ്വദേശിയാണ് ദിലീപ് ശങ്കർ. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം.
ദീർഘകാലമായി മലയാള സീരിയൽരംഗത്ത് സജീവമാണ് ദിലീപ് ശങ്കർ. അഞ്ച് ദിവസം മുമ്പാണ് ദിലീപ് ശങ്കറും സംഘവും ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയത്. 27ന് ഷൂട്ട് കഴിഞ്ഞ ശേഷം അണിയറപ്രവർത്തകർ തന്നെയാണ് അദ്ദേഹത്തെ ഹോട്ടലിൽ എത്തിച്ചത്. രണ്ട് ദിവസമായി ദിലീപിനെ ഫോണിൽ ലഭിച്ചിരുന്നില്ല. അടുത്ത ദിവസത്തെ ഷൂട്ടിനായി കൂട്ടിക്കൊണ്ടുപോവാൻ പ്രൊഡക്ഷൻ കൺട്രോളർ എത്തിയപ്പോഴാണ് ദിലീപ് ശങ്കറിനെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ദിലീപ് ശങ്കറിന് കരൾ രോഗമുണ്ടായിരുന്നു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. ആരോഗ്യപ്രശ്നമുള്ളതിനാലാണ് 27ന് അദ്ദേഹത്തിന്റെ ഷെഡ്യൂൾ വേഗത്തിൽ പൂർത്തിയാക്കി റൂമിൽ എത്തിച്ചതെന്നും ഇവർ പറഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.