ശബരിമല; നാലാം ദിവസവും ഭക്തരുടെ എണ്ണത്തില്‍ കുറവ്
നിയന്ത്രണ ങ്ങളിൽ പോലീസ് ചെറിയ ഇളവുകൾ വരുത്തിയത് തീർത്ഥാടകർക്ക് ആശ്വാസമായി.
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്നും കുറവ്. നിയന്ത്രണ ങ്ങളിൽ പോലീസ് ചെറിയ ഇളവുകൾ വരുത്തിയത് തീർത്ഥാടകർക്ക് ആശ്വാസമായി. എന്നാൽ പരമ്പരാഗത കാനന പാതകളിൽ പോലീസ് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നട തുറന്നത് മുതൽ അൽപ സമയംമാത്രമാണ് സന്നിധാനത്ത് തിരക്ക് അനുഭവപ്പെട്ടത്. അവധി ദിവസമാണെങ്കിലും പിന്നീട് തിരക്ക് കുറഞ്ഞു. ഉച്ച പൂജക്ക് ശേഷം നട അടക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്തരെ 11.30മുതൽ രണ്ടു മണി വരെ തടഞ്ഞിരുന്നു. എന്നാൽ ഇന്ന് പമ്പയിൽ പകൽ നിയന്ത്രണമുണ്ടായില്ല. ഇത് തീർത്ഥാടകർക്ക് ആശ്വാസമായി. സന്നിധാനത്ത് പോലീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയില്ല.
നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ് ആർ ടി സി ബസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുന്നുണ്ട്. സന്നിധാനത്ത് തമ്പടിക്കാനായി ആളുകളെ എത്തിക്കാൻ സംഘപരിവാർ സംഘടനകളുടെ ശ്രമമുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിലയ്ക്കലിൽ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിൽ എടുക്കാനാണ് പോലീസിന്റെ തീരുമാനം.