ശബരിമലയില്‍ ഇത്തവണ എത്തിയത് പകുതിയില്‍ താഴെ ഭക്തര്‍
ശബരിമലയിലെ വിവാദങ്ങളും സംഘർഷാന്തരീക്ഷവും തീർഥാടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
നടതുറന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ശബരിമലയിൽ ഭക്തജനങ്ങളുടെ എണ്ണത്തിൽ കുറവ്. മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതിയിൽ താഴെ ഭക്തർ മാത്രമാണ് സന്നിധാനത്തെത്തിയത്. പൊലീസ് നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ ഭക്തർക്ക് കൂടുതൽ ആശ്വാസമായി.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സന്നിധാനം കർശന പൊലീസ് നിരീക്ഷണത്തിലാണ്. 75000 ൽ താഴെ ഭക്തരാണ് കഴിഞ്ഞ 5 ദിവസങ്ങളിൽ അയ്യപ്പദർശനത്തിനായി മലകയറിയത്. കഴിഞ്ഞ വർഷം ഇത് 2 ലക്ഷത്തിലധികമായിരുന്നു. തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇത്തവണ അനുഭവപ്പെട്ടത്. ശബരിമലയിലെ വിവാദങ്ങളും സംഘർഷാന്തരീക്ഷവും തീർഥാടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. വരുമാനത്തെയും ഇത് കാര്യമായി ബാധിച്ചു. അപ്പം അരവണ വിറ്റുവരവിലും കുറവ് വന്നിട്ടുണ്ട്.
അതേസമയം, നേരത്തെ പൊലീസ് നിയന്ത്രണമേർപ്പെടുത്തിയ വലിയ നടപ്പന്തലിലും തിരുമുറ്റത്തും പ്രായമായവർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും വിരിവെക്കാം. പക്ഷെ രാത്രിയിൽ ഉറങ്ങാനാകില്ല. ദേവസ്വം ബോർഡിന്‍റേതുൾപ്പെടെ 5 കേന്ദ്രങ്ങളിൽ ഭക്തർക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ട്. സന്നിധാനത്ത് ഭക്തർക്ക് മറ്റ് നിയന്ത്രങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്ത് നാമജപപ്രതിഷേധമുണ്ടായ പശ്ചാത്തലത്തിൽ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്.