അമിത് ഷാ അഞ്ച് വട്ടം മല കയറിയാല്‍ തടി കുറയും; ടോയ്‌ലറ്റ് പരിശോധനയാണ് കണ്ണന്താനത്തിന്‍റെ പണി: കോടിയേരി
പൊലീസിനെ ഭയപ്പെടുത്തലാണോ കേന്ദ്ര മന്ത്രിയുടെ പണി. ബഡായി അടിച്ച രാധാകൃഷ്ണന്‍ പ്രധാനമന്ത്രിയോട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ പറയണം.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കേണ്ടെന്ന് നരേന്ദ്ര മോദി പറയട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍. നാമജപം നടത്തി ബസിന് കല്ലെറിഞ്ഞാല്‍ കേസെടുക്കേണ്ടി വരും. ശബരിമലയുടെ പേര് പറഞ്ഞ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
സ്ത്രീകള്‍ക്ക് അവകാശം വേണ്ടെന്ന നിലപാടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അത് പറയട്ടെ. വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. സ്ത്രീകളേയും, കുട്ടികളേയും സംഘപരിവാര്‍ കവചമായി ഉപയോഗിക്കുന്നു. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത സി.പി.എം സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. കേസില്‍ കക്ഷിയായിരുന ജനാധിപത്യ മഹിളാ അസോസിയേഷന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ? കമ്യൂണിസ്റ്റ് പാര്‍ട്ടി ഗുരുസ്വാമിമാരായി ആളുകളെ നിയമിച്ചിട്ടില്ല. പൊലീസിനെ ഇടിക്കാന്‍ വേണ്ടിയാണ് ഉരിച്ച തേങ്ങ സംഘപരിവാര്‍ ഉപയോഗിക്കുന്നത്.
നേരത്തെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊലീസിനെ ഭയപ്പെടുത്തലാണോ കേന്ദ്ര മന്ത്രിയുടെ പണി. ബഡായി അടിച്ച രാധാകൃഷ്ണന്‍ പ്രധാനമന്ത്രിയോട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ പറയണം. ശരണംവിളിയെ രാഷ്ട്രീയ മുദ്രാവാക്യമാക്കി മാറ്റി. പൊലീസ് അറസ്റ്റ് ചെയ്‌തെങ്കില്‍ യു.ഡി.എഫ് ഹര്‍ത്താലിന് തീരുമാനിച്ചിരുന്നു. പ്രകോപനത്തില്‍ പൊലീസ് വീണില്ല. ടോയ്‌ലറ്റ് പരിശോധനയാണ് കണ്ണന്താനത്തിന്‍റെ പണി. നരേന്ദ്ര മോദിയും, അമിത് ഷായും ശബരിമലയില്‍ വരണം. അമിത് ഷാ അഞ്ച് വട്ടം മല കയറിയാല്‍ തടി കുറയുമെന്നും കോടിയേരി പരിഹസിച്ചു.
സംസ്ഥാനത്ത് വീണ്ടും കൊലീബി സംഖ്യം രൂപപ്പെടുന്നുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പ് സംഖ്യം രൂപീകരിക്കാനാണ് നീക്കം. ആര്‍.എസ്.എസ് നിലപാടിന് ലീഗ് പിന്തുണ കൊടുക്കാന്‍ പാടുണ്ടോ ? വിശ്വാസി, അവിശ്വാസി എന്ന് വേര്‍തിരിക്കാനാണ് ശ്രമം നടക്കുന്നത്. എന്നിട്ട് ജനങ്ങളെ സി.പി.എമ്മിന് എതിരാക്കാന്‍ ശ്രമിക്കുന്നു. വിശ്വാസികള്‍ തന്നെയാവും ബി.ജെ.പി യെ തറപറ്റിക്കാന്‍ പോകുന്നത്. സവര്‍ണ്ണ പിന്തുണയുള്ള ന്യൂനപക്ഷമാണ് കലാപത്തിന് പിന്തുണ നല്‍കുന്നത്. 5 ശതമാനം പേര്‍ മാത്രമാണ് സമരത്തിന് പിന്തുണ നല്‍കുന്നത്. 95 ശതമാനം പേരും സമരത്തിന് പിന്തുണ നല്‍കുന്നില്ല. ഇനിയും അവര്‍ മൗനമായിരിക്കരുതെന്നും കോടിയേരി പറഞ്ഞു.