വിഴിഞ്ഞത്തിന് ആശ്വാസം; കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ഫണ്ട് വിഴിഞ്ഞത്തിനായി മാറ്റിവച്ച് സർക്കാർ

മൂലധന നിക്ഷേപ സഹായ ഫണ്ടായി 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്

Update: 2024-12-22 01:56 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര വിജിഎഫ് തുക ഇതുവരെ ലഭ്യമായില്ലെങ്കിലും മറ്റൊരു കേന്ദ്ര ഫണ്ട് തുണയായി. മൂലധന നിക്ഷേപത്തിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സഹായ ഫണ്ടാണ് മൊത്തമായി വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി സർക്കാർ മാറ്റി വച്ചത്. മൂലധന നിക്ഷേപ സഹായ ഫണ്ടായി 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് 817.80 കോടി രൂപ വായ്പയായി മാത്രമേ അനുവദിക്കൂ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. തുക അനുവദിച്ചാല്‍ തുറമുഖത്ത് നിന്ന് സംസ്ഥാനത്തിനു ലഭിക്കുന്ന വിഹിതത്തിന്റെ 20 ശതമാനം വച്ച് കേന്ദ്രത്തിന് നൽകേണ്ടിവരും. ഇങ്ങനെ സംഭവിച്ചാൽ കേരളത്തിന് 10000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്.

വിജിഎഫ് ഗ്രാന്‍ഡായി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചിട്ടുണ്ട്. തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് കൈമാറേണ്ട തുക വേഗത്തില്‍ അനുവദിക്കണമെന്ന് കാണിച്ച് അദാനി പോര്‍ട്സ് സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൂലധന നിക്ഷേപത്തിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന തുക കേരളത്തിനും കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചത്. 795.24 കോടി രൂപ ഇതുവഴി ലഭ്യമാവും. ഈ തുകയാണ് മൊത്തമായി വിഴിഞ്ഞത്തിന് വേണ്ടി സര്‍ക്കാര്‍ മാറ്റിവച്ചത്.

പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് നല്‍കേണ്ട തുകയിലെ 587.40 കോടി രൂപ, തുറമുഖത്തെ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതിന് 17.94 കോടി രൂപ, അദാനി പോര്‍ട്സിന് നല്‍കേണ്ട സംസ്ഥാന വിജിഎഫ് തുകയായ 189.90 കോടി രൂപ എന്നിവ ഇതില്‍ നിന്ന് നല്‍കും. ആദ്യ ഘട്ടമായി 524.85 കോടി രൂപയാണ് കേന്ദ്രം കൈമാറുന്നത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News