ശബരിമലയിലെ ഭക്ഷ്യശാലകളിൽ പരിശോധന കർശനമാക്കി
ഭക്ഷ്യ വിഷബാധ തടയുക, ഭക്ഷണ പദാർത്ഥങ്ങളിൽ കൃത്രിമത്വം ഒഴിവാക്കുക, അമിത വില നിയന്ത്രിക്കുക തുടങ്ങിയ ലക്ഷുങ്ങൾ മുൻനിർത്തിയാണ് പരിശോധന
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലക്കലിലും പമ്പയിലുമായി ആരംഭിച്ച ഭക്ഷ്യശാലകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന കർശനമാക്കി. കുടിവെള്ളം ഭക്ഷണം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച സംഘം വരും ദിവസങ്ങളിലും പരിശോധന തുടരും.
ഭക്ഷ്യ വിഷബാധ തടയുക, ഭക്ഷണ പദാർത്ഥങ്ങളിൽ കൃത്രിമത്വം ഒഴിവാക്കുക, അമിത വില നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്.
ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർ അടക്കം പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ലഘുലേഖയും നിർദ്ദേശങ്ങളും നൽകിയാണ് സംഘം മടങ്ങുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബദമാക്കി. ഏപ്രണും ഹെഡ് ക്യാപ്പും പാചകം ചെയ്യുന്നവരും, ഭക്ഷണം വിതരണം ചെയ്യുന്നവരും ധരിച്ചിരിക്കണം എന്ന കർശ്ശന നിർദ്ദേശമുണ്ട്.
കുടിവെള്ളമുൾപ്പെടെ പരിശോധനക്കായി പരിശോധന സംഘം ശേഖരിക്കുന്നുമുണ്ട്. രാത്രി കാല നിയന്ത്രണവും നീക്കിയതിനാൽ ശബരിമല തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യത മുൻനിർത്തി വരും ദിവസങ്ങളിലും കച്ചവട സ്ഥാപനങ്ങളിൽ പരിശോധന തുടരാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.