‘ശബരിമല അക്രമം സർക്കാറിന് എതിരെയല്ല; സുപ്രീംകോടതി വിധിക്കെതിരെ’ സർക്കാർ ഹൈക്കോടതിയില്‍

യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Update: 2018-11-23 06:49 GMT
Advertising

ശബരിമലയിലെ അക്രമം സർക്കാറിന് എതിരെയല്ല, സുപ്രീം കോടതി വിധിയ്ക്ക് എതിരെയാണെന്ന് സർക്കാർ ഹൈക്കോടതിയില്‍. പോലീസ് ശബരിമലയിൽ പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. യഥാർത്ഥ ഭക്തരെ ആക്രമിച്ചു എന്ന് ഒരു പരാതിയുമില്ല. നടപ്പന്തലിൽ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയും ഉണ്ട്. ഭക്തർ കിടക്കാതിരിക്കാനാണ് നടപ്പന്തലിൽ വെളളമൊഴിച്ചതെന്ന ആരോപണം തെറ്റാണ്. മുൻപും വെള്ളമൊഴിച്ച് കഴുകിയെന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സർക്കാർ കോടതിയിൽ ഹാജരാക്കി.

നടപ്പന്തലിൽ വിരിവയ്ക്കാൻ അനുവദിക്കാത്തത് പ്രത്യേക സാഹചര്യം മൂലം നടപ്പന്തൽ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാൻ ആവില്ല.ഇവിടെ പ്രശ്നമുണ്ടായാൽ എല്ലാ വഴികളും അടയും. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ക്രിമിനലുകളെയാണ് സർക്കാർ അറസ്റ്റ് ചെയ്തത്. ചിത്തിര ആട്ട സമയത്ത് പ്രശ്നം ഉണ്ടാക്കിയവർ തന്നെ മണ്ഡലകാലത്തും എത്തി. തെളിവായുള്ള ദൃശ്യങ്ങളും മാധ്യമ റിപ്പോർട്ടുകളും സർക്കാർ കോടതിയിൽ ഹാജരാക്കി.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയത്. പ്രളയം മൂലം പമ്പയിൽ വലിയ തകർച്ചയാണുണ്ടായത്. ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതും സുപ്രീം കോടതി വിധിയുമായി ബന്ധമില്ലെന്നും സര്‍ക്കാര്‌ കോടതിയെ അറിയിച്ചു.

Tags:    

Similar News